IndiaLatest

നിവാർ ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈ

“Manju”

നിവാർ ചുഴലിക്കാറ്റ് ഭീതിയിൽ പൂർണമായി അടച്ചിട്ടു ചെന്നൈ നഗരം. ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴ ഇന്നലെ പകൽ ഇടവിട്ടു പെയ്യുകയും വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയും ചെയ്തു. ചെന്നൈയിലും ആഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രധാന റോഡുകളെല്ലാം രാത്രി ഏഴോടെ അടച്ചു. വെള്ളക്കെട്ടു രൂപപ്പെട്ട ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചുഴലി കര കടന്നു 6 മണിക്കൂർ തീവ്രത നിലനിൽക്കുമെന്നതിനാൽ ഇന്നും കനത്ത മഴയുണ്ടാകും. ചെമ്പരമ്പാക്കം തടാകം തുറന്നതു 2015ലേതു പോലെ വെള്ളപ്പൊക്കത്തിനു കാരണമായില്ലെന്നതു ആശ്വാസമായി. എന്നാൽ, അഡയാർ നദിയോടു ചേർന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയതു മുന്നൊരുക്കങ്ങളിലെ വീഴ്ചയായി. ഇന്നലെ വൈകുന്നേരം വരെ 20 സെന്റി മീറ്ററിനടുത്തു മഴയാണു നഗരത്തിൽ പെയ്തത്.

മഴയും ചുഴലിക്കാറ്റും കണക്കിലെടുത്തു മൃഗങ്ങൾക്കു സുരക്ഷ ഒരുക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശ്രമം തുടങ്ങി. രണ്ടു ദിവസത്തേക്കു മൃഗ ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കും. പ്രളയവും, കാറ്റിൽ നാശനഷ്ടവും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മൃഗങ്ങൾക്കായി ആംബുലൻസുകളും, ബോട്ടുകളും ഏർപ്പെടുത്തിയതായി സന്നദ്ധ സംഘടനയായ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ പ്രവർത്തകർ പറഞ്ഞു.

044–46274999 എന്ന നമ്പറിൽ സഹായം ലഭിക്കും. ചെന്നൈ, കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, കാരയ്ക്കൽ, പുതുച്ചേരി, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, അരിയലൂർ, പെരമ്പലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ ബ്ലൂ ക്രോസ് സന്നദ്ധ പ്രവർത്തകർ സേവനം ലഭ്യമാക്കും. തെരുവിൽ അലയുന്ന നായ്ക്കൾക്ക് ഭക്ഷണം എത്തിക്കാനും, സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതിനും സൗകര്യം ഏർപ്പെടുത്തിയതായി നമ്പർ 9 കെന്നൽ ആൻഡ് നഴ്സിങ് കെയർ അറിയിച്ചു.

Related Articles

Back to top button