Auto

ഇലക്ട്രിക് വാഹന രംഗത്തേയ്‌ക്ക് റോൾസ് റോയിസും

“Manju”

ലണ്ടൻ: അൽപം വൈകിയാണെങ്കിലും ഇലക്ട്രിക് വാഹന വിപണിയിൽ രംഗപ്രവേശനം നടത്താൻ ഒരുങ്ങുകയാണ് ആഡംബര വാഹന നിർമ്മാതാക്കളായ റോൾസ് റോയിസ്. ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. സ്‌പെക്ടർ എന്നാണ് ഈ മോഡലിന്റെ നാമം.

2023ൽ വാഹനം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. റോൾസ് റോയിസിന്റെ മറ്റു മോഡലുകളായ ഡോൺ, ഗോസ്റ്റ്, റെയ്ത്, ഫാന്റം, കള്ളിനൻ എന്നീ വാഹനങ്ങളുടെ ഇലക്ട്രിക് പിൻഗാമിയാവാനാണ് സ്‌പെക്ടർ തയ്യാറെടുക്കുന്നത്.

ലോകമെമ്പാടും ഈ ഇലക്ട്രിക് വാഹനത്തിന്റെ കീർത്തിയെത്തിക്കാൻ തീവ്ര പരിശ്രമത്തിലാണ് റോൾസ് റോയിസ്. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിനായി 2.5 മില്ല്യൺ കിലോമീറ്റർ ദൂരം സഞ്ചരിക്കും.

‘1904 മെയ് 4നാണ് റോൾസ് റോയിസ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നിട്ട 117 വർഷങ്ങളിൽ ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് പല മാറ്റങ്ങളും വാഹനങ്ങൾക്കു വരുത്തി. ഇപ്പോളിതാ ഇലക്ട്രിക് വാഹന രംഗത്തേയ്‌ക്ക് പ്രവേശിച്ചു. ചരിത്രപരമായ നിമിഷമാണിത് ഒപ്പം തന്നെ ഏറെ അഭിമാനവും തോന്നുന്നു. ഇത് മിഥ്യയല്ല, യാഥാർത്ഥ്യമാണ്’ റോൾസ് റോയിസ് മോട്ടോർ കാർസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോർസ്റ്റൻ മുള്ളർ എറ്റ്വാസ് പറഞ്ഞു.

2030ഓടെ പൂർണമായും ഇലക്ട്രിക് വാഹന രംഗത്തേയ്‌ക്ക് മാറും എന്നാണ് നിർമ്മാതക്കൾ കണക്കുകൂട്ടുന്നത്. കുറച്ചു നാളുകളായി റോൾസ് റോയിസ് ഇലക്ട്രിക് പവർട്രെയിനിന്റെ പരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി 2011ൽ പൂർണ്ണ പ്രവർത്തനക്ഷമതയുള്ള 102ഇഎക്‌സ് ഓൾ-ഇലക്ട്രിക് ഫാന്റം പ്രകാശനം ചെയ്തു. ഇതിനു പിന്നാലെ 2016ൽ 103ഇഎക്‌സും നിർമ്മാതാക്കൾ പ്രദർശിപ്പിച്ചു.

നമ്മുടെ ചിന്തയ്‌ക്കും, കാഴ്ചക്കും അപ്പുറമുള്ള അമാനുഷികമായ ശക്തിയുള്ള വസ്തു എന്നാണ് സ്‌പെക്ടർ എന്ന വാക്കിന്റെ അർത്ഥം. റോൾസ് റോയിസിന്റെ ഈ ഇലക്ട്രിക് വാഹനം അത്തരത്തിൽ ശക്തിയേറിയ ഒന്നായി മാറുമെന്നാണ് നിർമ്മാതാക്കൾ ഉറപ്പു തരുന്നത്.

Related Articles

Back to top button