IndiaLatest

കർഷകർക്കു നേരെ ലാത്തിച്ചാർജ്, ജലപീരങ്കി

“Manju”

ന്യൂഡൽഹി • വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യമുയർത്തി അയൽസംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലേക്കു പുറപ്പെട്ട കർഷകരെ അടിച്ചമർത്താൻ പൊലീസിന്റെ ശ്രമം. പഞ്ചാബിൽ നിന്ന് ഇന്നലെ പുലർച്ചെ ട്രാക്ടറുകളിലെത്തിയ ആയിരക്കണക്കിനു പേരെ അംബാലയിൽ ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമായാണ് ഹരിയാന പൊലീസ് നേരിട്ടത്. ലാത്തിച്ചാർജിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. നൂറുകണക്കിനുപേരെ കസ്റ്റഡിയിലെടുത്തു. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാജസ്ഥാനിൽനിന്നുള്ള കർഷകരുമായെത്തിയ സാമൂഹിക പ്രവർത്തകരായ മേധ പട്കർ, യോഗേന്ദ്ര യാദവ് എന്നിവരെയും ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തു. അംബാലയിൽ പിന്നീടു നിയന്ത്രണങ്ങളിൽ അയവു വരുത്തിയതോടെ കർഷകർ യാത്ര പുനരാരംഭിച്ചു. പഞ്ചാബിൽ നിന്നുള്ളവർ ഹരിയാനയുടെ മറ്റു ഭാഗങ്ങളിലൂടെയും യാത്ര തുടരുന്നുണ്ട്. ഹരിയാനയിൽ നിന്നുള്ള കർഷകരും ഇവർക്കൊപ്പം ചേർന്നു. ഹരിയാനയിലെ കർണാൽ, ഡൽഹി – ഹരിയാന അതിർത്തിയിലുള്ള സിംഘു എന്നിവിടങ്ങളിലും സംഘർഷമുണ്ടായി.

ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള അതിർത്തി വഴികളെല്ലാം ബാരിക്കേഡും കല്ലും കമ്പിവേലികളും നിരത്തി ഡൽഹി പൊലീസ് തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കൂട്ടം കൂടാനാവില്ലെന്നും സമരക്കാരെ കടത്തിവിടില്ലെന്നുമായിരുന്നു നിലപാട്. കർശന പരിശോധനയ്ക്കു ശേഷമാണു മറ്റു വാഹനങ്ങൾ കടത്തിവിട്ടത്. നോയിഡ, ആനന്ദ് വിഹാർ എന്നിവയടക്കം അയൽ സംസ്ഥാന മേഖലകളിൽ നിന്നു ഡൽഹിയിലേക്കുള്ള മെട്രോ സർവീസുകൾ ഇന്നലെ ഉച്ചയ്ക്കു 2 വരെ നിർത്തിവച്ചു.

ഡൽഹി ജന്തർ മന്തറിൽ കർഷക സംഘടനകൾ പ്രകടനം നടത്തി. കിസാൻ സഭ സെക്രട്ടറി പി. കൃഷ്ണപ്രസാദ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിവാദ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കും വരെ സമരം നടത്തുമെന്നും പഞ്ചാബ്, രാജസ്ഥാൻ, യുപി, ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നു ഡൽഹി ലക്ഷ്യമിട്ടുള്ള യാത്ര ഇന്നും തുടരുമെന്നും സംഘടനകൾ അറിയിച്ചു.

Related Articles

Back to top button