KeralaLatest

പണം പോകുന്ന ‘ഫോൺ കെണി’: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

“Manju”

തിരുവനന്തപുരം• സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്തു ‘ഫോൺ കെണി’ വഴി പണംതട്ടുന്ന രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരെയാണു സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് സ്ത്രീകൾ ആണെന്ന രീതിയിൽ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്.

തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കോളജ് വിദ്യാർഥിനി എന്ന പേരിൽ ഒരു പെൺകുട്ടിയുടെ ചിത്രമുള്ള ഫെയ്‌സ് ബുക് അക്കൗണ്ടിൽ നിന്നു പരാതിക്കാരനു സന്ദേശം നൽകി സൗഹൃദം സ്ഥാപിച്ചു. രാത്രികാലങ്ങളിൽ വാട്‌സാപ് ശബ്ദസന്ദേശങ്ങൾ പതിവാക്കി. പിന്നീടു പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങൾ വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തി. സ്വകാര്യ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കൾക്ക് അയച്ചു നൽകുമെന്നുമായിരുന്നു ഭീഷണി.

ഇതോടെ ഇയാൾ മൊബൈൽ മണി വോലറ്റ് വഴി പല തവണ പണം നൽകി. ഭീഷണി തുടർന്നപ്പോൾ പൊലീസിനെ സമീപിച്ചു. സമൂഹ മാധ്യമങ്ങളും മൊബൈൽ മണി വോലറ്റും മാത്രമാണ് കുറ്റകൃത്യങ്ങൾക്കു പ്രതികൾ ഉപയോഗിച്ചിരുന്നത്. രാജസ്ഥാനിലെ കാമൻ, മേവാത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണു തട്ടിപ്പ് നടത്തുന്നതെന്നു കണ്ടെത്തി. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡപ്യൂട്ടി സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button