Fashion

53 കോടി വിലയുള്ള ബാഗ് നിർമിച്ച് ‘ബോളിനി മിലാനേസി’.

“Manju”

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാൻഡ് ബാഗ് അവതരിപ്പിച്ച് ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോളിനി മിലാനേസി. 6 മില്യൻ യൂറോ (ഏകദേശം 53 കോടി രൂപ) ആണ് ബാഗിന്റെ വില. സമുദ്ര സംരക്ഷണം എന്ന സന്ദേശമാണ് ഈ ബാഗിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ബാഗ് വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് 8 ലക്ഷം യൂറോ സമുദ്രങ്ങളുടെ ശുദ്ധീകരണത്തിന് ഉപയോഗിക്കാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.

ചീങ്കണിയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിർമിച്ചിരിക്കുന്നത്. വൈറ്റ് ഗോൾഡ് കൊണ്ട് നിർമിച്ച 10 ചിത്രശലഭങ്ങളെ ബാഗ് അലങ്കരിച്ചിരിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ചിത്രശലഭങ്ങളിൽ വജ്രങ്ങളും വിശിഷ്ടമായ രത്‌നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മരത്തിൽനിന്നു വേർതിരിച്ചെടുത്ത ലെതർ, കമ്പിളി, പ്രത്യകതരം പട്ട് എന്നിവയാണ് ബാഗിന്റെ ഉൾവശത്ത് ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗ് അവതരിപ്പിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കമ്പനി അറിയിച്ചത്. 1000 മണിക്കൂർ കൊണ്ടാണ് ബാഗിന്റെ നിർമാണം പൂർത്തിയാക്കിതെന്നും അധികൃതർ പറയുന്നു.

ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗ് നിരവധി ചർച്ചകള്‍ക്കും തുടക്കമിട്ടു. ഈ ബാഗ് വാങ്ങാൻ ആരെങ്കിലും തയാറാകുമോ എന്ന സംശയമാണ് ചിലര്‍ ഉന്നയിച്ചത്. ചീങ്കണ്ണിയുടെ തൊലിയെടുത്ത് നിർമിക്കുന്ന ബാഗുകൊണ്ട് സമുദ്ര സംരക്ഷണ ബോധവത്കരണം നടത്തുന്നതിനെതിരെ വിമർശനം ഉയരുകയും ചെയ്തു. ഒരു ജല ജീവിയെ കൊന്ന് അതിന്റെ തൊലിയെടുത്ത് നിർമിക്കുന്ന ബാഗുകൊണ്ട് സമുദ്രം സംരക്ഷിക്കണമെന്നും മലിനീകരണത്തിനെതിരെ പോരാടണമെന്നും പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് വിമർശകർ പറയുന്നത്. ഇതൊരു അപഹാസ്യമായ പ്രവൃത്തി ആണെന്നാണും ഇവർ വാദിക്കുന്നു.

Back to top button