InternationalKeralaLatest

കൊറോണ: സൗദിയിൽ ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി

“Manju”

ജിദ്ദ: സൗദിയിലെ പശ്ചിമ മേഖലയിൽ രണ്ടു മലയാളികൾ കൂടി കൊറോണ ബാധിച്ചു മരണപ്പെട്ടു. ദിവസങ്ങളായി ആശുപത്രികളിൽ ചികിത്സയായിലായിരുന്ന രണ്ടു പേരാണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്.

ഒരാൾ ജിദ്ദയിലും മറ്റൊരാൾ യാമ്പൂവിലുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ, താഴെക്കോട് സ്വദേശി കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ആണ് ജിദ്ദയിൽ മരണപ്പെട്ടത്. കൊല്ലം, മേക്കോണ്‍ സ്വദേശി റാഫി കോട്ടേജ് വീട്ടില്‍ നൗഷാദ് റാവത്തുര്‍ (50) ആണ്‌ യാമ്പുവിൽ വെച്ച് മരിച്ചത്.

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു കുട്ട്യാമു. ജിദ്ദയിലെ പഴയ മക്കാ റോഡ് കിലോ അഞ്ചിൽ താമസിച്ചിരുന്ന കുട്ട്യാമു ഏകദേശം മൂന്നര പതിറ്റാണ്ടായി പ്രസിദ്ധമായ സൗദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും ദിവസങ്ങളായി കൊറോണാ ചികിത്സയിൽ ആശുപത്രിയിലായിരുന്നു.

താഴെക്കോട് കാപ്പുമുഖത്തെ പരേതനായ ചോലമുഖത്ത് മൊയ്തീന്റെയും പരുത്തികുത്ത് അരിക്കണ്ടംപാക്ക് ഖദീജയുടെയും മകനാണ്. ഭാര്യ: വെട്ടത്തൂര്‍ കാപ്പ് പുത്തൻകോട് ഷറഫുന്നീസ, മക്കള്‍: ഷിഫ്‌ന, ഷിബ്‌ന, ജിസ്‌ന. മരുമകന്‍: തച്ചമ്പാറ താഴത്തെകല്ലടി ഫാരിസ് (ഖത്തര്‍).

യാമ്പുവിൽ മരണപ്പെട്ട നൗഷാദ് റാവുത്തരെ രണ്ട് ദിവസം മുമ്പാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണാ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. പരേതനായ പോളയത്തോട് നീലപ്പുരയിൽ അബ്ദുൽ ഹമീദിന്റെയും സുബൈദ ബീവിയുടെയും മകനാണ്പന്ത്രണ്ടു വർഷമായി യാമ്പുവിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സൈഫുന്നിസ, മക്കൾ: മുഹമ്മദ് റാഫി, നൗറിൻ ഫാത്തിമ (ഡിഗ്രി വിദ്യാർഥികൾ). സഹോദരങ്ങൾ: നാസറുദ്ദീൻ, റഹ്മത്ത് ബീവി, റംല ബീവി ഷൈല. മൃതദേഹം യാമ്പു ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. യാമ്പുവിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും.

Related Articles

Back to top button