IndiaLatest

ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം

“Manju”

സിന്ധുമോൾ. ആർ

എല്ലൂരു: ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 350 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. എന്നാല്‍ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വേ നടത്തിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ കതമനേനി ഭാസ്‌കര്‍ എല്ലൂരുവില്‍ എത്തി. നിഗൂഢമായ അസുഖത്തെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന്‍ അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. രോഗികളെ ചികിത്സിക്കുന്നിനായി എയിംസില്‍ നിന്നുളള അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം എല്ലൂരുവിലെത്തുമെന്ന് ബി ജെ പി എംപി ജിവിഎല്‍ നരസിംഹ റാവു ചീഫ് സെക്രട്ടറി നിലം സാവ്‌ഹ്നേയെ അറിയിച്ചിട്ടുണ്ട്.

വിഷാംശമുളള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് കാരണമായതെന്ന് വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം എംപി പ്രതികരിച്ചു. ടിഡിപി ജനറല്‍ സെക്രട്ടറി നര ലോകേഷും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ രോഗബാധയുടെ കാരണം സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. കള്‍ച്ചറല്‍ പരിശോധനാ ഫലം, ഇകോളി പരിശോധനാഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു

തിങ്കളാഴ്ച മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി എല്ലൂരു സന്ദര്‍ശിക്കും. ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച ശേഷം പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ജില്ലാ ഭരണകൂടവുമായി അവലോകനയോഗം നടത്തും. ജലമലിനീകരണമാണോ രോഗബാധയ്ക്ക് കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടത്തുന്നതായി ഉപ മുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് ഉത്തരവിട്ടു. ഞായറാഴ്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഉപമുഖ്യമന്ത്രി നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.’ ഭൂരിഭാഗം പേരും രോഗമുക്തി നേടിക്കഴിഞ്ഞു. മറ്റുളളവരുടെ നില തൃപ്തികരമാണ്. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് വിജയവാഡ ആശുപത്രിയില്‍ അമ്പതോളം കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഞങ്ങളുടെ മെഡിക്കല്‍ സംഘം എല്ലാ രോഗികളേയും കൃത്യമായി പരിചരിക്കുന്നുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button