IndiaLatest

ഭാരത് ബന്ദ് ; കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

“Manju”

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്’ പതിമൂന്നാം ദിവസത്തേക്ക് കടന്നതോടെ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് രാജ്യം കൈകോര്‍ത്തതോടെ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ്. ബന്ദിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കെജ്‌രിവാളിനേയും ഭാര്യയേയുമാണ് ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടുതടങ്കലിലാക്കിയത്.

ഇന്ന് ഉച്ചയോടെ സിംഘൂ അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിച്ച്് മടങ്ങിയെത്തി ശേഷമാണ് ‘ബിജെപിയുടെ ഡല്‍ഹി പോലീസ്’ വീട്ടുതടങ്കലിലാക്കിയതെന്ന് എഎപി ആരോപിക്കുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ സ്വതന്ത്രനാണെന്നും എഎഎപിയും മറ്റ് രാഷ്ട്രീയ കക്ഷികളിലെ പ്രവര്‍ത്തകരും തമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നതെന്ന് ഡിസിപി അറിയിച്ചു.

രാവിലെ കെജ്‌രിവാളിന്റെ വീട്ടിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. വനിത പ്രവര്‍ത്തകരെ പോലീസ് കൈകാര്യം ചെയ്തുവെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ആരോപണമുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ ഇടത് നേതാക്കളായ കെ.കെ രാഗേഷും പി.കൃഷ്ണപ്രസാദും ബിലാസ്പുരില്‍ അറസ്റ്റിലായി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശില്‍ കസ്റ്റഡിയിലായി. സി.പി.എം മുന്‍ എം.പി സുഭാഷിണി അലിയും വീട്ടുതടങ്കലില്‍ ആണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. രാവിലെ ഒരു വാഹനത്തില്‍ പോലീസ് സംഘമെത്തിയെന്നും രണ്ട് വനിതാ പോലീസുകാരെ വീടിനു മുന്നില്‍ നിര്‍ത്തിയശേഷം മറ്റുള്ളവര്‍ മടങ്ങിയെന്നും സുഭാഷിണി അലി പറഞ്ഞു. തന്നെ പുറത്തിറങ്ങാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നുമാണ് സുഭാഷിണി അലിയുടെ പരാതി.കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍ നാളെ വൈകിട്ട് രാഷ്ട്രപതിയെ കാണും. അതിനിടെ, കര്‍ഷകര്‍ സിംഘൂ അതിര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു.

Related Articles

Back to top button