KeralaLatest

സിസിടിവി കേടായിരുന്നെന്ന് ഉത്രയുടെ പിതാവ്

“Manju”

കൊല്ലം: ഉത്രയുടെ പിതാവ് വിജയസേനന്റെയും സഹോദരന്‍ വിഷുവിന്റെയും സാക്ഷിവിസ്താരം ഇന്നലെ പൂര്‍ത്തിയായി. വീട്ടില്‍ സിസിടിവി ഉണ്ടായിട്ടും ഉത്ര കൊല്ലപ്പെടുന്ന സമയത്ത് അവ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് പിതാവ് വിജയസേനന്‍ മൊഴി നല്‍കി. സിസിടിവി ക്യാമറ സൂരജിന്റെ ഇടപാടില്‍ അടൂരില്‍ നിന്നുള്ള സുഹൃത്തുക്കളാണ് വീട്ടില്‍ ഘടിപ്പിച്ചത്. ക്യാമറ കേടായെന്നും അത് നന്നാക്കണമെന്നും പലതവണ സൂരജിനോട് പറഞ്ഞെങ്കിലും പിന്നെയാകട്ടെ എന്നായിരുന്നു മറുപടി, അദ്ദേഹം പറഞ്ഞു. സംഭവദിവസം സൂരജ് ഉത്രയോടൊപ്പമല്ല, ഹാള്‍മുറിയിലാണ് കിടന്നതെന്ന പ്രതിഭാഗത്തിന്റെ ആരോപണം തെറ്റാണെന്ന് വിജയസേനന്‍ പറഞ്ഞു.
സ്വര്‍ണവും സ്വത്തും തിരിച്ചുകിട്ടാനും കുഞ്ഞിനെ വിട്ടുകിട്ടാനും വേണ്ടിയല്ലേ പോലീസില്‍ പരാതി കൊടുത്തതെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് പോലീസ് അന്വേഷണം നടന്നുവരികയാണെന്നും അത് ഊര്‍ജിതമാക്കാനാണ് പരാതി നല്‍കിയതെന്നും ഉത്രയുടെ സഹോദരന്‍ വിഷു മൊഴി നല്‍കി.
ഉത്രയ്ക്ക് ശാരീരിക ന്യൂനതകളൊന്നും ഇല്ലെന്ന ആരോപണം സാക്ഷികളായ ഇരുവരും കോടതിയില്‍ നിഷേധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടന്നത്. 15ന് ഉത്രയുടെ അമ്മ മണിമേഖലയെ വിസ്തരിക്കും.

Related Articles

Back to top button