IndiaLatest

കാണാതായ മകനെ തേടി നടന്ന പിതാവ് കണ്ടെത്തിയത് മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി:മാസങ്ങളായി കാണാതായ 25കാരനായ മൂത്തമകനെ അന്വേഷിച്ച്‌ നടന്ന പിതാവ് ഒടുവില്‍ കണ്ടെത്തിയത് മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം. പശ്ചിമ ബംഗാളിലെ സ്വന്തം വീടിന്റെ ടെറസിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 25 വയസ്സുള്ള മകനെ കാണുന്നില്ലെന്ന് സാള്‍ട്ട് ലെയ്ക്ക് സിറ്റിയിലുള്ള അനില്‍ കുമാര്‍ മഹെന്‍സരിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ കാണാതായതില്‍ ഭാര്യയ്ക്കെതിരെയാണ് അനില്‍ കുമാര്‍ സംശയം ഉന്നയിച്ചത്. അനില്‍കുമാറിന്റെ ഭാര്യ ഗീതയും മൂന്ന് ആണ്‍മക്കളും സാള്‍ട്ട് ലെയ്ക്കില്‍ ആയിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം മക്കളായ അര്‍ജുന്‍(25), വിദുര്‍(22), വൈദി(20) എന്നിവര്‍ക്കൊപ്പം രാജാര്‍ഹട്ടിലേക്ക് താമസം മാറിയിരുന്നു. ഈ ഒക്ടോബറിലാണ് ഭാര്യ മക്കള്‍ക്കൊപ്പം റാഞ്ചിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയത് അനില്‍ കുമാര്‍ അറിയുന്നത്. മാസങ്ങളായി മൂത്ത മകനായ അര്‍ജുനെ ബന്ധപ്പെടാന്‍ അനില്‍കുമാറിന് സാധിച്ചിരുന്നില്ല. മകന്‍ തനിക്കൊപ്പം റാഞ്ചിയില്‍ ഉണ്ടെന്നായിരുന്നു ഭാര്യ അറിയിച്ചിരുന്നത്. മകന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് അനില്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കുന്നത്.

മകനെ കാണാതായതില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. മറ്റാരുടേയെങ്കിലും സഹായത്തോടെ ഭാര്യ മകനെ തട്ടിക്കൊണ്ടുപോയി കൊന്നിട്ടുണ്ടാകാമെന്നായിരുന്നു ഇയാളുടെ ആരോപണം. അനില്‍ കുമാറിന്റെ പരാതിയില‍് പൊലീസ് നടത്തിയ പരിശോധനയിലാണ് സാള്‍ട്ട് ലെയ്ക്കിലെ എജെ ബ്ലോക്കിലുള്ള വീടിന്റെ ടെറസില്‍ നിന്നും അസ്ഥികൂടം ലഭിക്കുന്നത്. കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. പ്രാഥമിക പരിശോധനയില്‍ അര്‍ജുന്റേത് തന്നെയാണ് അസ്ഥികൂടം എന്നാണ് പൊലീസ് കണ്ടെത്തല്‍. കൂടുതല്‍ വ്യക്തതയ്ക്കായി മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്.

Related Articles

Back to top button