IndiaLatest

സൗരയൂഥത്തിലുള്ളത് എട്ടല്ല ഒൻപത് ഗ്രഹങ്ങള്‍, ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ!

“Manju”

പ്ലൂട്ടോ പുറത്തായ ശേഷം എട്ട് ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്. എന്നാൽ എട്ടല്ല ഒൻപതാണ് ഗ്രഹങ്ങളുടെ എണ്ണമെന്നും അജ്ഞാതനായി ഒരു ഗ്രഹം മറഞ്ഞിരിപ്പുണ്ടെന്നുമാണ് ചില ശാസ്ത്രജ്ഞരുടെ വാദം. ടെലിസ്കോപ്പുകൾക്ക് പിടിതരാതെ അത് മറഞ്ഞിരിക്കുകയാണെന്നും ഇക്കൂട്ടർ പറയുന്നു.
2016ൽ കാലിഫോർണിയ ടെക്‌നോളജി സർവകലാശാലയിലെ ജ്യോതിശാസ്ത്ര ഗവേഷകരായ കോൺസ്റ്റാന്റിൻ ബാറ്റിഗിൻ, മൈക്ക് ബ്രൗൺ എന്നിവർ നെപ്റ്റിയൂണിനപ്പുറം ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി കംപ്യൂട്ടർ മോഡലിങ് ഉപയോഗിച്ച് ഗവേഷണം നടത്തി. പ്ലാനറ്റ് എക്‌സ് എന്ന ഒരു അജ്ഞാത ഗ്രഹം ഉണ്ടെങ്കിൽ അതിനു ഭൂമിയേക്കാൾ 10 മടങ്ങ് വലുപ്പം ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
ഏകദേശം യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളുടെ അതേ വലുപ്പം. സൂര്യനും നെപ്റ്റിയൂണും തമ്മിലുള്ള അകലത്തിന്റെ 20 മടങ്ങാകും സൂര്യനും ഈ ഗ്രഹവും തമ്മിലുള്ള ദൂരം. ഭൂമിയിലെ പതിനായിരം വർഷങ്ങളാണത്രേ ഈ ഗ്രഹത്തിലെ ഒരു വർഷം.
തങ്ങൾ സാധ്യത കൽപിച്ച ഗ്രഹത്തിന് ‘പ്ലാനറ്റ് 9’ എന്നാണ് ബാറ്റിഗിനും ബ്രൗണും പേരു നൽകിയത്. ഒൻപതാമത്തെ ഗ്രഹമെന്ന് അർഥം. ഇതു വരെ ഈ ഗ്രഹം കണ്ടെത്തിയിട്ടില്ല. കൂടുതൽ ശക്തമായ ടെലിസ്‌കോപ്പുകളും ദൗത്യങ്ങളുമൊക്കെ വച്ച് അന്വേഷണം തുടർന്നു. ബഹിരാകാശ ഗവേഷണത്തിലെ മുടിചൂടാമന്നൻമാരായ നാസ ഉൾപ്പെടെയുള്ളവർ ഇതിനായി പദ്ധതികൾ രൂപീകരിച്ചു.
കഴിഞ്ഞ ദിവസം പ്ലാനറ്റ് 9ന്റെ ഗവേഷണത്തെ സഹായിക്കുന്ന മറ്റൊരു ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെ ഈ ചിന്തകൾക്കു പുതിയ ഊർജം കൈവന്നു. പ്ലാനറ്റ് നയൻ സത്യമാകാമെന്ന സൂചനകളാണ് ഹബിൾസ് ടെലിസ്കോപ്പ് ഇപ്പോള്‍ പുറത്ത് വിട്ടത്. സൂര്യനെ പോലെയുള്ള രണ്ടു നക്ഷത്രങ്ങളെയാണ് ഗ്രഹം വലംവയ്ക്കുന്നത്.
വളരെ വിസ്താരമുള്ളതും പരിധിയിൽ കൂടുതൽ ചരിഞ്ഞതുമായ ഭ്രമണപഥമാണ് ഇതിനുള്ളത്. ഈ വസ്തുത കണ്ട ചില ശാസ്ത്രജ്ഞർ ഒരു കാര്യം പ്രസ്താവിച്ചു. പ്ലാനറ്റ് 9 എന്ന അജ്ഞാത ഗ്രഹത്തിനു നമ്മൾ കൽപിച്ച ഭ്രമണപഥത്തോട് സാമ്യമുള്ളതാണ് ഈ ഭ്രമണപഥവും.
ഇത്തരം ഭ്രമണപഥങ്ങൾ പ്രപഞ്ചത്തിൽ സാധ്യമാണ്. നാളെ ഒരുപക്ഷേ ഗ്രഹം കണ്ടെത്തിയാലും ഇല്ലെങ്കിലും അത് വന്നിടിച്ച് ഭൂമി തകരുമെന്ന നിബിരു സിദ്ധാന്തക്കാരുടെ വാദത്തിന് ശക്തിയില്ലെന്നാണ് ശാസ്ത്ര ലോകം വ്യക്തമാക്കുന്നത്.

Related Articles

Back to top button