IndiaLatest

നാല് വയസ്സുള്ള കൊച്ചുമകള്‍ക്ക് വൃക്കദാനം ചെയ്ത് എഴുപതുകാരി

“Manju”

സിന്ധുമോൾ. ആർ

അവയവദാനത്തെ കുറിച്ച്‌ നിരവധി തെറ്റിദ്ധാരണകളും സംശയങ്ങളും ഇക്കാലത്തും നിലനില്‍ക്കുന്നുണ്ട്. അവയവദാനത്തിന്റെ പ്രാധാന്യവും ബോധവത്കരണവും പല ഭാഗങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഇനിയും തെറ്റിദ്ധാരണകളും ഭീതിയും മാറേണ്ടതുണ്ട്. ഇതിന് വിപരീതമായി സന്തോഷം ഉണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് മുംബൈയിലെ കോകിലാബെന്‍ ദിരുബായ് അംബാനി ആശുപത്രിയില്‍ നിന്നും എത്തുന്നത്.

നാല് വയസ്സുള്ള കൊച്ചുമകളുടെ ജീവന്‍ രക്ഷിക്കാന്‍ എഴുപതു വയസ്സുള്ള മുത്തശ്ശി തന്റെ കിഡ്നി നല്‍കി. അവയവ ദാനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് വിജയകരമായ ശസ്ത്രക്രിയ. രാജ്യത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും അപൂര്‍വമായ അവയവദാന ശസ്ത്രക്രിയയാണ് ഇതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. നവംബര്‍ 25 നാണ് ശസ്ത്രക്രിയ നടന്നത്. നാല് വയസ്സുള്ള ഐസ തന്‍വീര്‍ ഖുറേഷിയെയാണ് ഗുരുതരമായ വൃക്ക സംബന്ധ അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കൊച്ചുമകള്‍ക്ക് സ്വന്തം വൃക്ക നല്‍കാന്‍ എഴുപത് വയസ്സുള്ള റാബിയ ബാനു അന്‍സാരി തയ്യാറാകുകയായിരുന്നു. റാബിയയുടെ മകളുടെ മകളാണ് ഐസ. സമാന രക്തഗ്രൂപ്പാണെങ്കിലും റാബിയയുടെ പ്രായമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ള വെല്ലുവിളി. പരിശോധനയില്‍ വൃക്ക മാറ്റിവെക്കലിന് റാബിയ ആരോഗ്യവതിയാണെന്ന് തെളിഞ്ഞു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം റാബിയ അന്‍സാരിയും ഐസയും ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സൗത്ത് മുംബൈയിലെ ബൈക്കുളയിലെ വീട്ടില്‍ വിശ്രമത്തിലാണ് ഇരുവരുമിപ്പോള്‍. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം റാബിയ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമാണ് ഐസ ഡിസ്ചാര്‍ജ് ആയത്. റാബിയയുടെ മകള്‍ നസ്നീന്റെയും തന്‍വീര്‍ ഖുറേഷിയുടേയും ഏക മകളാണ് ഐസ തന്‍വീര്‍ ഖുറേഷി. തന്റെ നാല്‍പ്പത് വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അസാധാരണവും വേറിട്ടതുമായ അവയവദാനമാണ് ഇതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സേത്ത് പറയുന്നു. ഐസയും റാബിയയും തമ്മിലുള്ള വലിയ പ്രായവ്യത്യാസമായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡോക്ടര്‍.

Related Articles

Back to top button