KeralaLatest

അവസാന പന്തില്‍ സിക്സ് പറപ്പിച്ച് മലയാളി താരം സജന; മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം

“Manju”

ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗില്‍ ഒറ്റ കളിയിലൂടെ മിന്നും താരമായി മാറിയിരിക്കുകയാണ് വയനാട് മാനന്തവാടിക്കാരിയാായ സജ്‌ന സജീവന്‍. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് സജ്‌ന സിക്സര്‍ പറത്തി താരമായത്. താരം ആറ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം. ലീഗിന്റെ രണ്ടാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 75 റണ്‍സെടുത്ത ആലിസ് കാപ്‌സി ആയിരുന്നു അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മേഗ് ലാനിങ് (25 പന്തില്‍ 31), ജമീമ റോഡ്രിഗസ് (24 പന്തില്‍ 42) എന്നിവരാണ് ഡല്‍ഹിക്കായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി യാസ്തിക ഭാട്യയും (45 പന്തില്‍ 57) ഹര്‍മന്‍പ്രീത് കൗറും (34 പന്തില്‍ 55) അര്‍ധസെഞ്ച്വറി നേടി വിജയത്തോടടുപ്പിച്ചു.

അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന അഞ്ച് റണ്‍സ് സജന സിക്‌സോടെ ഫിനിഷ് ചെയ്യുകയായിരുന്നു. വിജയം സ്വപ്നം കണ്ട ഡല്‍ഹി കാപിറ്റല്‍സിന്റെ പ്രതീക്ഷയാണ് സജനയുടെ ഒറ്റ ഷോട്ടില്‍ തകര്‍ന്നടിഞ്ഞത്. നേരിട്ട ആദ്യ പന്തിലാണ് മലയാളി താരം പന്ത് നിലംതൊടാതെ പന്ത് അതിര്‍ത്തി കടത്തിയത്. ഇതോടെ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.

 

 

Related Articles

Back to top button