Latest

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കാൻ പോലീസ് സഭ ; നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി 

“Manju”

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കാൻ ഇനി മുതൽ പോലീസ് സഭ. ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിനാണ് സഭ നടത്തുന്നത്. ജില്ലാ പോലീസ് മേധാവിമാരാകും വിവിധ കേന്ദ്രങ്ങളിൽ പോലീസ് സഭ നടത്തുന്നത്. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകി.

പോലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾ, ശമ്പളം, പെൻഷൻ എന്നിവ സംബന്ധിച്ച പരാതികളാകും സഭ ചർച്ച ചെയ്യുക. ഇവയ്‌ക്ക് പുറമെ വ്യക്തിപരമായ പരാതികളും ജില്ലാ പോലീസ് മേധാവിമാർ സഭയിൽ പരിഗണിക്കും. ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കാൻ ആവശ്യമായ നടപടി ജില്ലാ പോലീസ് മേധാവിമാർ സ്വീകരിക്കും.

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഗണിക്കുന്നതിന്റെ ഭാഗമായി സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കണം. റെയ്ഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിർവ്വഹിക്കും.

സമീപകാലത്തായി കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി പോലീസ് സഭയുമായി മേലധികാരികൾ രംഗത്തെത്തിയിരിക്കുന്നത്. ജോലിയുടെ ഭാഗമായി തങ്ങൾ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദമാണെന്ന് അടുത്തിടെ പോലീസ് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും പോലീസ് സഭയിലൂടെ തങ്ങൾ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

Related Articles

Back to top button