LatestThiruvananthapuram

തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടനം ഇന്ന്

“Manju”
തിരുവനന്തപുരം ;രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്‌ മാളുകളിലൊന്നായ ലുലുമാൾ തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായി. ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് മുഖ്യആകര്‍ഷണം. 12 സിനിമാ സ്‌ക്രീനുകളും കുട്ടികള്‍ക്ക് മാത്രമായി 80,000 സ്‌ക്വയര്‍ ഫീറ്റ് അമ്യൂസ്മെന്റ് ഏരിയയും. ഇരുന്നൂറില്‍പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടും സജ്ജം. കുട്ടികള്‍ക്ക് വിനോദത്തിന്റെ വിസ്മയ ലോകമൊരുക്കി ‘ഫണ്‍ട്യൂറ’ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സെന്ററും ഒരുങ്ങിക്കഴിഞ്ഞു.

പിവിആര്‍ സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീനുകളുള്ള സൂപ്പര്‍ പ്ലക്‌സ് തിയറ്റര്‍ ഉടന്‍ തുറക്കും. 15,000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാതെയും ഇവിടെ തൊഴിലവസരം ലഭിക്കുന്നതെന്നും യൂസഫലി പറഞ്ഞു. മറ്റൊരു മാളിലും കാണാത്ത രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീല്‍ ചെയറും ഹെല്‍പ് ഡെസ്‌ക്കും ഇവിടെയുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3500 ലധികം വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ എട്ടു നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനമാണ് മാളിലുള്ളത്. മാളിനകത്ത് കേബിള്‍ കാറില്‍ ചുറ്റാന്‍ സിപ് ലൈന്‍ സര്‍വീസുമുണ്ട്.

Related Articles

Back to top button