IndiaLatest

തൃക്കൊടിത്താനത്ത് ഒന്‍പതാം ക്ലാസ്സുകാരന് വെടിയേറ്റു.

“Manju”

ചങ്ങനാശേരി : എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ല. തൃക്കൊടിത്താനം കടുത്താൽ പറമ്പ് ഭാഗത്തായിരുന്നു ഇന്നലെ സംഭവം നടന്നത്‌. കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴാണു വെടിയേറ്റത്.  ഇടതു തോളിനു താഴെ നെഞ്ചിന്റെ വശത്തു പെല്ലറ്റ് (എയർഗണ്ണിലെ തിര) തുളഞ്ഞു കയറി. വിദ്യാർഥി തന്നെയാണു പെല്ലറ്റ് എടുത്തു കളഞ്ഞത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. തൃക്കൊടിത്താനം സന്തോഷ് നഗർ പാറയിൽ അജേഷ് (26), തൃക്കൊടിത്താനം പൊട്ടശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരാണു പിടിയിലായത്.
വിജനമായ പ്രദേശത്തു പക്ഷികളെ വെടിവയ്ക്കാൻ വന്നതാണെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവർ നിന്നിരുന്ന ഭാഗത്തു നിന്നു മാറി തോടിന്റെ വശത്തു നിൽക്കുകയായിരുന്നു കുട്ടി. മരണകാരണമാകാവുന്ന അക്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
മുറിവ് മരണ കാരണമായാൽ 7 വർഷം തടവും പിഴയും മരണ കാരണമായില്ലെങ്കിൽ മൂന്നു വർഷം തടവും പിഴയുമാണ് ശിക്ഷ. ‘ആ ചേട്ടൻമാർ ദൂരെ ഇരിക്കുകയായിരുന്നു. ഇവിടേക്കു തോക്ക് ചൂണ്ടിയപ്പോൾ തമാശയെന്നു കരുതി. വെടിയേറ്റപ്പോൾ മരവിച്ചു പോയി. കൂട്ടുകാരനാണു രക്തം വരുന്നതു കണ്ടത്. വേദനയുണ്ട്’. വെടിയേറ്റ കുട്ടി പറയുന്നു.
പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന ചിലരാണു വെടിയേറ്റ കുട്ടിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കളിക്കുന്നതിനിടെ കമ്പ് കുത്തിക്കയറിയാണു മുറിവുണ്ടായത് എന്നാണ് ഇവർ പറഞ്ഞത്. പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചു. നാട്ടുകാർ പറഞ്ഞു യഥാർഥ വിവരങ്ങൾ മനസ്സിലാക്കിയ വീട്ടുകാർ കുട്ടിയുമായി വൈകിട്ടു വീണ്ടും ആശുപത്രിയിലെത്തി തുടർചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
0.177 പെല്ലറ്റിന്റെ എയർഗണ്ണാണ് ഇവരുടെ കയ്യിൽ നിന്നു പിടിച്ചെടുത്തത്. ഇതിനു ലൈസൻസ് ആവശ്യമില്ല. 3 വർഷം മുൻപ് ചങ്ങനാശേരിയിൽ നിന്നാണു തോക്ക് വാങ്ങിയതെന്ന് അൻസിൽ പൊലീസിനോടു പറഞ്ഞു. 6,000 രൂപയാണു വില. കായിക പരിശീലനത്തിനാണ് പ്രധാനമായി ഈ തോക്ക് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർ ഭാഗത്തു വർഷങ്ങൾക്കു മുൻപ് ഈ മോഡൽ എയർഗണ്ണിൽ നിന്നു വെടിയേറ്റ് ഒരാൾ മരിച്ചിരുന്നു.

Related Articles

Back to top button