Latest

തേജസ്സിനായി താത്പര്യമറിയിച്ച് ഏഴ് രാജ്യങ്ങൾ

“Manju”

ന്യൂഡൽഹി : ഇന്ത്യൻ പോർ വിമാനം തേജസ്സിനായി താത്പര്യം അറിയിച്ചത് ഏഴ് രാജ്യങ്ങളെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ ഒരു ചോദ്യത്തിനുത്തരമായി രാജ്യരക്ഷാ സഹമന്ത്രി അജയ് ഭട്ടാണ് വിവരങ്ങൾ അറിയിച്ചത്. മലേഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓസ്ട്രേലിയ, അർജന്റീന, ഫിലിപ്പീൻസ്, അമേരിക്ക, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. മലേഷ്യയുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് സീറ്റുള്ള വിമാനങ്ങളാണ് എച്ച്.എ.എൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊത്തം പതിനെട്ട് വിമാനങ്ങൾക്കായാണ് മലേഷ്യ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

രാജ്യത്ത് പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകൽപന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്പാദനം വർദ്ധിപ്പിന്നതിനുള്ള നയപരമായ തീരുമാനങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ നിർമ്മിത വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് എൽസിഎ തേജസ്. മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്.നിലവിൽ 2 സ്ക്വാഡ്രൺ തേജസ് പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. 83 തേജസ്സ് വിമാനങ്ങൾക്കുള്ള കരാർ കഴിഞ്ഞ വർഷം ഒപ്പിട്ടിരുന്നു. 2030 ഓടെ വിമാനങ്ങൾ പൂർണമായി വിതരണം ചെയ്യും.

Related Articles

Back to top button