IndiaLatest

പുതിയ പാര്‍ലമെന്റ് മന്ദിരം കാലഘട്ടത്തിന്റെ ആവശ്യം

“Manju”

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം കേവലമൊരു കെട്ടിടമല്ലെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ സന്ദേശമാണ് പാര്‍ലമെന്റ് മന്ദിരം ലോകത്തിന് നല്‍കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പുതിയ പുലരിയാണ്. വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ സാക്ഷിയാവും കെട്ടിടമെന്നും പ്രധാനമന്ത്രി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

‘നീണ്ട വര്‍ഷത്തെ വിദേശഭരണം നമ്മുടെ ആത്മാഭിമാനം കവര്‍ന്നെടുത്തു. ഇന്ന് ഇന്ത്യ ആ കൊളോണിയല്‍ ചിന്താഗതിയെ ഉപേക്ഷിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ചരിത്രപരമായ ചെങ്കോല്‍ ഇന്ന് പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്നു. ചോള സാമ്രാജ്യത്തില്‍ ചെങ്കോല്‍ കര്‍ത്തവ്യപഥത്തിന്റേയും സേവനപഥത്തിന്റേയും രാഷ്ട്രപഥത്തിന്റേയും അടയാളങ്ങളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്’, മോദി പറഞ്ഞു.

പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളുണ്ട്. ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ ഇവിടെയൊരുക്കിയിട്ടുണ്ട്. 60,000ത്തിലധികം തൊഴിലാളികള്‍ പാര്‍ലമെന്റ് നിര്‍മാണത്തിന്റെ ഭാഗമായി. അവരുടെ ജോലിയെ ആദരിക്കാന്‍ പുതിയ മന്ദിരത്തില്‍ ഡിജിറ്റല്‍ ഗാലറി തയാറാക്കിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യം രാജ്യത്തിനുണ്ടായിരുന്നു. വരാനിരിക്കുന്ന കാലത്ത് എം.പിമാരുടേയും സീറ്റുകളുടേയും എണ്ണം വര്‍ധിക്കാനിരിക്കുന്നത് നമ്മള്‍ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഇക്കാലത്തിന്റെ ആവശ്യമെന്ന നിലയില്‍ പുതിയ മന്ദിരം പണതതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം ലോകത്തിന്റെ വളര്‍ച്ചയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരം സംഭാവനകള്‍ നല്‍കും. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ആഗോള ജനാധിപത്യത്തിന്റെ അടിത്തറകൂടിയാണ് അത്. ജനാധിപത്യം നമ്മുടെ സംസ്‌കാരവും ആശയവും പാരമ്പര്യവുമാണ്. രാജ്യമുന്നോട്ട് നീങ്ങുമ്പോള്‍ ലോകം മുന്നോട്ട് നീങ്ങും. ഇന്ത്യയുടെ വികനത്തിലൂടെ ലോകത്തിന്റെ വികസനത്തിലേക്കും പുതിയ പാര്‍ലമെന്റ് മന്ദിരം നയിക്കും. എല്ലാരാജ്യത്തിന്റേയും വികസന യാത്രയില്‍ ചില നിമിഷങ്ങള്‍ അനശ്വരമായി തീരും. അത്തരത്തില്‍ ഒരു ദിവസമാണ് മേയ് 28′, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button