IndiaLatestSports

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണം ഇനി മൂന്നു പേരുടെ കൈകളിലേക്ക്

“Manju”

 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണം ഒരുകാലത്ത് ദേശീയ ടീമിലെ സഹതാരങ്ങളും ഇതിഹാസങ്ങളുമായ മൂന്നു പേരുടെ കൈകളിലേക്ക്.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) മേധാവിയായി മുന്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍ വരുമെന്ന് ഉറപ്പായതോടയാണ് ഈ അപൂര്‍വ്വ സംഗമം യാഥാര്‍ഥമാവുന്നത്. നിലവില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായി രാഹുല്‍ ദ്രാവിഡ് അടുത്തിടെ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷ്മണും ഇവര്‍ക്കൊപ്പം ചേരുന്നത്.
നേരത്തേ ദ്രാവിഡായിരുന്നു എന്‍സിഎയുടെ മേധാവി. ഇപ്പോള്‍ രവി ശാസ്ത്രിക്കു പകരം ടീമിന്റെ മുഖ്യ കോച്ചായതോടെ അദ്ദേഹത്തിന് ഈ റോള്‍ ഒഴിയേണ്ടി വന്നിരിക്കുകയാണ്. പകരക്കാരനായാണ് ലക്ഷ്മണ്‍ ഈ ചുമതലയേറ്റെടുക്കുന്നത്. ഗാംഗുലി ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണരംഗത്ത് മുന്‍ താരങ്ങള്‍ തന്നെ വരണമെന്ന് നേരത്തേ തന്നെ ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ഇതു രാജ്യത്ത് ക്രിക്കറ്റിനെ കൂടുതല്‍ വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ ദ്രാവിഡിനെ മുഖ്യ കോച്ച്‌ സ്ഥാനത്തേക്കു കൊണ്ടു വരുന്നതിനു വേണ്ടി ഗാംഗുലി തന്നെയായിരുന്നു മുന്‍കൈയെടുത്തത്.
ദ്രാവിഡിന് ആദ്യം കോച്ചാവാന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഗാംഗുലിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് കഴിഞ്ഞ മാസം യുഎഇയില്‍ ഐപിഎല്ലിന്റെ രണ്ടാംപാദം നടക്കവെ ദ്രാവിഡിനെ വിളിക്കുകയും ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ കോച്ചാവാന്‍ സമതിപ്പിക്കുകയുമായിരുന്നു. ദ്രാവിഡ് എന്‍സിഎ തലപ്പത്തു നിന്നു പടിയിറങ്ങിയപ്പോള്‍ ലക്ഷ്മണ്‍ തന്നെ ഈ ചുമതലയേറ്റെടുക്കണമെന്നായിരുന്നു ഗാംഗുലി ആഗ്രഹിച്ചിരുന്നത്. ജയ് ഷാ, സീനിയര്‍ ഒഫീഷ്യലുകള്‍ എന്നിവര്‍ക്കും ഇതേ ആഗ്രഹം തന്നെയാണുണ്ടായിരുന്നത്. ഒടുവില്‍ അതും യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച്‌ സ്ഥാനമേറ്റെടുത്തതോടെ എന്‍സിഎയുടെ മേധാവിയായി ലക്ഷ്മണിനു തന്നെയാണ് മുന്‍തൂക്കമെന്നു നേരത്തേ ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്‍സിഎയുടെ തലപ്പത്ത് ലക്ഷ്മണ്‍ തന്നെ വരുന്നത് കാണാനാണ് സൗരവും ജയ് ഷായും ആഗ്രഹിക്കുന്നത്. പക്ഷെ അന്തിമ തീരുമാനം ലക്ഷ്മണിന്റെ കൈകളിലാണ്. കാരണം, അദ്ദേഹത്തിന് ഒരു യുവ കുടുംബവുമുണ്ട്. പുതിയ കോച്ച്‌ ദ്രാവിഡുമായി ലക്ഷ്മണിനുണ്ടായിരുന്ന ആത്മബന്ധം എല്ലാവര്‍ക്കുമറിയുന്നതാണ്, അതുകൊണ്ട് തന്നെ എന്‍സിഎ സ്ഥാനത്തേക്കു പ്രഥമ പരിഗണന അദ്ദേഹത്തിനു തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുന്നതായി വീണ്ടും ദ്രാവിഡും ലക്ഷ്മണും ഒന്നിക്കുകയാണെങ്കില്‍ അത് ഏറ്റവും മികച്ച കോമ്ബിനേഷന്‍ തന്നെയായിരിക്കും. അടുത്ത തലമുറയിലെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ മുന്‍ കളിക്കാരെപ്പോലെ മറ്റാര്‍ക്കും കഴിയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.

Related Articles

Back to top button