IndiaLatest

പക്ഷിപ്പനി; ഡൽഹിയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

“Manju”

ന്യൂഡൽഹി: ഡൽഹിയിലെ വിവിധയിടങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവിധ പൗൾട്രി ഫാമുകളിൽ നിന്നും അയച്ച സാംപിളുകൾ നെഗറ്റീവ് ആയി. അതിനാലാണ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയത്. സംസ്ഥാനത്ത് ചിക്കൻ വിൽപ്പനകൾക്ക് ഏർപ്പെടുത്തിയ നിരോധനവും പിൻവലിച്ചു. പൗൾട്രി ഫാമുകൾ തുറക്കാനും സർക്കാർ അനുമതി നൽകിയതായി കെജ്രിവാൾ അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചിക്കൻ വിൽപ്പനയിലടക്കം സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിലെ മയൂർ വിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്പിളുകൾ പരിശോധന നടത്തിയപ്പോഴായിരുന്നു പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വ്യാപനമില്ലെന്നാണ് വിലയിരുത്തൽ.

ഡൽഹിയിലെ കാക്കകൾ കൂട്ടത്തോടെ ചത്തതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മയൂർ വിഹാർ മേഖലയിലെ പാർക്കിലാണ് പക്ഷികൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ഡൽഹി ഉൾപ്പെടെ രാജ്യത്ത് 10 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ തടാകങ്ങൾ, വളർത്തുപക്ഷി മാർക്കറ്റുകൾ, മൃഗശാലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും അതീവ ജാഗ്രത പാലിക്കാനുമാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button