KeralaLatest

രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്ക് കൊച്ചിയിൽ ഉദ്ഘാടനം

“Manju”

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ. വൈറ്റില ഹബ്ബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ട വാട്ടർ മെട്രോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. അടുത്ത മാസമാണ് വാട്ടർ മെട്രോ ഔദ്യോഗികമായി സർവ്വീസ് ആരംഭിക്കുക. നാവിക സേനയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാലാണ് സർവ്വീസ് ആരംഭിക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടിയത്.

നഗരഗതാഗതമെന്ന പോലെ ജലഗതാഗതവും സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോയ്ക്ക് രൂപം നൽകിയത്. കൊച്ചി മെട്രോയ്ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ട് ജെട്ടികളാണ് വാട്ടർ മെട്രോയ്ക്കായി ഒരുക്കിയിരിക്കുന്നത്. 100 പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യമുള്ള ബോട്ടുകളാണ് വാട്ടർ മെട്രോയിൽ ഉള്ളത്. ആദ്യ ഘട്ടത്തിൽ അഞ്ചു ബോട്ടുകളായിരിക്കും സർവ്വീസ് നടത്തുന്നത്.

ഹൈക്കോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഏതാണ്ട് 80 കിലോമീറ്റർ ദൂരത്തിൽ 15 വ്യത്യസ്ത ജലപാതകളിലായി 38 ബോട്ട് ജെട്ടികൾ സജ്ജമാക്കും. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ദ്വീപ് നിവാസികളുടെ യാത്രാ പ്രശ്‌നങ്ങൾക്കാണ് പരിഹാരം ഉണ്ടാകുന്നത്.

നിരവധി പ്രത്യേകതകളാണ് വാട്ടർ മെട്രോയ്ക്കുള്ളത്. എല്ലാവർക്കും പ്രാപ്യമായതും, സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനം കൂടിയാണ് വാട്ടർ മെട്രോ. സുഖകരമായ സഞ്ചാരത്തിനായി എയർകണ്ടീഷൻ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്‌ളോട്ടിംഗ് ജെട്ടികൾ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്താദ്യമായി ഭിന്നശേഷി സൗഹൃദമായ ഒരു ജലഗതാഗത സംവിധാനമായും വാട്ടർ മെട്രോ മാറുകയാണ്.

പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഫോസിൽ ഇന്ധനങ്ങൾ വഴിയുണ്ടാകുന്ന പരിസ്ഥിതികനാശവും ഉണ്ടാകില്ല. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചിയുടെ സമീപത്തുള്ള 10 മനോഹരമായ ദ്വീപുകളെയാണ് ഈ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപുകൾ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ദീർഘിപ്പിക്കൽ കൂടി പൂർത്തിയാകുന്നതോടെ ഇൻഫോപാർക്കിലേയും, സ്മാർട്ട് സിറ്റിയിലേയും ജീവനക്കാരുടെ യാത്ര ഏറെ സുഗമമാകും.

Related Articles

Back to top button