IndiaLatest

അതിർത്തി സുരക്ഷിതം: ചൈനീസ് നിർമാണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം

“Manju”

ന്യൂഡൽഹി : അതിർത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യ -ചൈന അതിർത്തിയിൽ ചൈനീസ് സൈന്യം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിനുള്ള എല്ലാ നീക്കങ്ങളും രാജ്യം സ്വീകരിച്ച് കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിർത്തിയിലെ ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. അതിർത്തി സംരക്ഷണത്തിനായി കേന്ദ്ര സർക്കാരും നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. റോഡുകളും പാലങ്ങളും നിർമ്മിച്ചത് അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്ന ആളുകൾക്കും ഉപകാരപ്രദമായി മാറിയിരിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനുളള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം അതിർത്തിയിലെ ചൈനയുടെ പ്രകോപനത്തെ ചെറുക്കുന്നതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ ജനുവരി 14 ന് വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയും ചെയ്തു.

ചൈനയുടെ അതിർത്തി പ്രകോപനങ്ങളെ നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മുഖ്യ സ്ഥാനത്ത് നിൽക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

തെക്കു കിഴക്കൻ ഏഷ്യയുമായുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധ മേഖലകളിലുള്ള സഖ്യവും യുഎസുമായുള്ള നയതന്ത്ര ബന്ധവും ശക്തമാണെന്നും മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യ ചൈനയ്‌ക്കെതിരെ പ്രവർത്തിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

Related Articles

Back to top button