KeralaLatest

നാലുവരിപ്പാത മൂന്നാം ഘട്ടത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പൂവമ്പാറ മുതല്‍ മൂന്നുമുക്കു വരെയുള്ള ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ മൂന്നാംഘട്ട പണികള്‍ ആരംഭിച്ചു. കച്ചേരിനട മുതല്‍ കിഴക്കേ നാലുമുക്ക് വരെയുള്ള പ്രദേശത്ത് ഏറ്റെടുത്ത ഭൂമിയില്‍ ഒാട ക്രമീകരിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ ആരംഭിച്ചു. പൊളിച്ചു നീക്കുന്ന ഭാഗങ്ങള്‍ അപ്പോള്‍ത്തന്നെ നീക്കം ചെയ്യുന്നുണ്ട്. റവന്യൂ അധികൃതരും ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരും നടപടികള്‍ക്ക് നേതൃത്വം നല്‍കി. നേരത്തെ ഏറ്റെടുത്ത ഭാഗത്ത് ഓടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്തെ ഓട നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലുടന്‍ ടാറിംഗ് ജോലികള്‍ ആരംഭിക്കാനാണ് തീരുമാനം.

എന്നാല്‍ കടകള്‍ക്കു മുന്നില്‍ ഓടയ്ക്കായി കുഴിയെടുത്തത് യഥാസമയം സ്ലാബിട്ട് നിരപ്പാക്കാത്തതിനാല്‍ കടകളിലേക്ക് ആളുകള്‍ക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇടറോഡുകള്‍ തുടങ്ങുന്ന ഭാഗങ്ങള്‍ കുഴിച്ചിട്ട് ആഴ്ചകളായിട്ടും ശരിയാക്കാത്തത് യാത്ര ദുസഹമാക്കുന്നതായും പരാതി ഉയര്‍ന്നു. വലിയ കടകളുടെ മുന്‍വശം അപ്പോള്‍ത്തന്നെ ശരിയാക്കുകയും ചെറിയ കടകളെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. 2015 – 16 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപയും, 2016 – 17 ല്‍ പൊളിക്കുന്ന മതിലുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപയും അനുവദിച്ചിരുന്നു. പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെയുള്ള ഭാഗത്ത് 136 പേര്‍ പുറമ്പോക്ക് ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു. അവയെല്ലാം ഏറ്റെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാത്രിയും പകലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്തു തന്നെ പാതവികസനം പൂര്‍ത്തിയാക്കാന്‍ കഴിയും

Related Articles

Back to top button