Kerala

കൊറോണയുടെ മറവിൽ ആശുപത്രികളിൽ വെട്ടിപ്പ്

“Manju”

കുടുംബം വിറ്റാൽ പോലും ബില്ലടയ്ക്കാനാകില്ലെന്ന് എബ്രഹാം കോശി

കൊച്ചി: കേരളത്തിലെ ചില ആശുപത്രികളിൽ കൊറോണയുടെ മറവിൽ തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നതെന്ന് നടനും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കൊറോണ ബാധിതനായി ആശുപത്രിയിൽ കഴിയുമ്പോഴുള്ള അനുഭവം തുറന്നു പറയുകയാണ് താരം. കൊറോണയുടെ മറവിൽ ആശുപത്രികളിൽ നടക്കുന്നത് പകൽക്കൊള്ളയാണെന്ന് നടൻ പറയുന്നു.

കഴിഞ്ഞ ജനുവരി 28ന് കൊറോണ സ്ഥിരീകരിച്ച് ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തിന് ആശുപത്രി അധികൃതർ നൽകിയത് രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ ബില്ല് ആണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കിയാണ് എബ്രഹാം കോശി സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും നടൻ വ്യക്തമാക്കി.

നടന്റെ വാക്കുകൾ ഇങ്ങനെ, 28ന് എനിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഞാൻ ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റായി. അവിടെ ജനറൽ വാർഡിൽ കഴിയവെ എന്റെ ഭാര്യയ്ക്കും മകളുടെ കുട്ടിയ്ക്കും കൊറോണ സംശയം കാരണം അവരും ഐസൊലേഷൻ വാർഡിൽ അഡ്മിറ്റായി. തുടർന്ന് അവർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് റൂമുകൾ ഇല്ലാത്തതിനെ തുടർന്ന് ഒരു എസി റൂമാണ് കിട്ടയത്. വാടക ദിവസം 10,300 രൂപ.

ഈ മുറി വാടകയിൽ ഡോക്ടറുടേയും നഴ്‌സിന്റേയും ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളൊന്നു തന്നെ അതിൽ അടങ്ങില്ല. രണ്ടാം തീയതി അവർ ഒരു പാർട്ട് ബില്ല് തന്നു. 2,40,000 രൂപയാണ് അതിന്റെ ബില്ല്. അന്വേഷിച്ചപ്പോൾ തങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടക നൽകണമെന്നാണ് അധികൃതരുടെ വാദം. ഒരു ദിവസം 31,000 രൂപ വാടക ഇനത്തിൽ തന്നെ നൽകേണ്ടിയതായി വന്നു.

നഴ്‌സുമാർക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന ബോധ്യമുണ്ട്. രണ്ട് നഴ്‌സുമാർ ആണ് ഉള്ളത്. ദിവസവും പിപിഇ കിറ്റ് വാങ്ങി നൽകണം. ഈ സിസ്റ്റർ പത്ത് പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. 20 കിറ്റ് ഒരു ദിവസത്തേക്ക് വാങ്ങിക്കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് ആകെ രണ്ട് കിറ്റ് മാത്രമാണ്. ഇക്കാര്യത്തിലും കൊറോണയുടെ പേരിലും ഭൂലോക വെട്ടിപ്പാണ് ഇവിടെ നടക്കുന്നത്. ഏറ്റവും വലിയ പ്രശ്‌നം 30000 രൂപ ഒരു ദിവസം വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാൽ സാദ്ധ്യമായ കാര്യമല്ല, ഇനി 14 ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാൽ പോലും ബില്ല് അടയ്ക്കാൻ കഴിയില്ല’ എബ്രഹാം കോശി പറഞ്ഞു.

Related Articles

Back to top button