Article

സ്വർണം കൊണ്ടൊരു ബിരിയാണി; 23 കാരറ്റ് ‘രാജകീയ ബിരിയാണി’

“Manju”

പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ട വിഭവമാണ് ബിരിയാണി. ചിക്കൻ, മട്ടൻ, വെജിറ്റബിൾ, പനീർ എന്നിങ്ങനെ പല തരത്തിലുള്ള ബിരിയാണികൾ ഇന്ന് ലഭ്യമാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി സ്വർണ്ണം കൊണ്ടുള്ള ഒരു ബിരിയാണിയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. കേൾക്കുമ്പോൾ ആദ്യം അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. ദൂബായിയിൽ നിന്നുള്ളതാണ് ഈ രാജകീയ ബിരിയാണിയുടെ ചിത്രം. ഇരുപത്തി മൂന്ന് കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം കൊണ്ടാണ് ഈ ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. ദുബായിയിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണിയും ഇത് തന്നെയാണ്.

ബോംബെ ബോറോ എന്ന ഹോട്ടലാണ് സ്വർണ്ണം കൊണ്ടുള്ള വെറൈറ്റി ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. വലിയൊരു സ്വർണ്ണ തളികയിലാണ് ബിരിയാണി വിളമ്പുന്നത്. വിവിധ തരത്തിലുള്ള അരികൾ കൊണ്ട് പാചകം ചെയ്തിട്ടുള്ള ബിരിയാണിയാണിത്. കീമ റൈസ്, ബിരിയാണി റൈസ്, വൈറ്റ് ആൻഡ് സാഫ്രൺ റൈസ് എന്നീ ഇനം അരികളാണ് ഈ ബിരിയാണിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 20,000 രൂപയോളം ഇതിന് വിലവരുമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതളനാരങ്ങ, ഉരുളക്കിഴങ്ങ് വറുത്ത സവാള എന്നിവയെല്ലാം ബിരിയാണിയിൽ  അലങ്കാരത്തിനായി വിതറിയിട്ടുണ്ട്. ഇതിനൊപ്പം ഭക്ഷ്യയോഗ്യമായ സ്വർണ്ണവും കശ്മീരി ലാമ്പ് സീഖ് കബാബും ഡൽഹി ലാമ്പ് ചോപ്‌സും രാജ്പുട് ചിക്കൻ കബാബ്‌സും മുംഗ്‌ളായ് കോഫ്താസും മലായ് ചിക്കൻ റോസ്റ്റുമുണ്ട്. വായിൽ രുചിയുടെ കപ്പലോടിക്കാനും സോസ്, സലാഡ് എന്നിങ്ങനെ വിഭവങ്ങൾ വേറേയുമുണ്ട്.

Related Articles

Back to top button