IndiaLatest

ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി

“Manju”

ചെന്നൈ: ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി, കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. ബെനാമി ആക്‌ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അനധികൃത സ്വത്ത് വഴി വാങ്ങിയ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ പ്രതികാര നടപടിയെന്നും ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം ആരോപിച്ചു.

അതേസമയം രണ്ടില ചിഹ്നവും അണ്ണാഡിഎംകെ പാര്‍ട്ടിയും വീണ്ടെടുക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ശശികല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച്‌ കോടതിയെ സമീപിക്കാനാണ് നീക്കം. എംഎല്‍എമാര്‍ക്ക് പുറമേ സഖ്യകക്ഷിയായ വിജയകാന്തിന്റെ പാര്‍ട്ടിയെയും ശശികല ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ജയലളിത കൂടി പ്രതിയായ കേസിലാണ് ജയില്‍ പോയതെന്ന് ഓര്‍മ്മിപ്പിച്ചാണ് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണവും, പ്രത്യാഭിവാദ്യവുമായി മുന്‍മുഖ്യമന്ത്രിയുടെ അതേ കാറില്‍ സംസ്ഥാന പര്യടനത്തിനാണ് തയാറെടുക്കുന്നത്. ഇതിന് മുന്നോടിയായി പരമാവധി നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് ചര്‍ച്ച.

Related Articles

Back to top button