IndiaKeralaLatest

‘ഗംഗുബായി’, അവിശ്വസനീയ ജീവിതം സിനിമയാകുമ്പോൾ

“Manju”

ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ചതിക്കപ്പെട്ട് എത്തുന്ന സ്ഥലമാണ് കാമാത്തിപുര. ചിലര്‍ കാമുകനാലും, മറ്റുചിലര്‍ ഭര്‍ത്താവിനാലും, എന്നിങ്ങനെ അച്ഛനാലും, സഹോദരനാലും വരെ ചതിക്കപ്പെട്ട് കാമാത്തിപുരയില്‍ എത്തിയ പെണ്‍കുട്ടികളുണ്ട്. ആശ്രയത്തിന് ആളില്ലാതെ പെരുവഴിയില്‍ അക്രമിക്കപ്പെട്ട് മരിക്കാതിരിക്കാന്‍ സ്വമനസ്സാലെ ഇവിടെ എത്തപ്പെട്ടവരും ഉണ്ട്. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടികളുടെ അഭിമാനത്തില്‍ കുതിര്‍ന്ന കണ്ണീര് വീണ് നനഞ്ഞ സ്ഥലമാണ് കാമാത്തിപുര. അത്തരത്തില്‍ ഒരു സ്ത്രീ ആണ് ഗംഗുബായ് കത്തിയവാഡി.
അക്രമികളും ഗുണ്ടകളും നിറഞ്ഞ ആ തെരുവില്‍ പട പൊരുതി സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തിയവള്‍. വലിയ ചുവന്ന വട്ടപ്പൊട്ടിട്ട്, വെള്ള സാരിയുടുത്ത, കാമാത്തിപുരയുടെ റാണി. സഞ്ജയ് ലീല ബന്‍സാലി ഗംഗുബായിയുടെ കഥ സിനിമയാക്കുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നതും അതുകൊണ്ടുതന്നെയാണ്. ആലിയ ഭട്ടാണ് ചിത്രത്തില്‍ ഗംഗുബായിയുടെ വേഷം അവതരിപ്പിക്കുന്നത്. ആരാണ് ഗംഗുബായ്, അവര്‍ എങ്ങനെയാണ് ചുവന്നതെരുവില്‍ എത്തപ്പെട്ടത്?
അറുപത് കാലഘട്ടത്തില്‍ കാമാത്തിപുരയിലെ നിരവധി വേശ്യാലയങ്ങളുടെ ഉടമയായിരുന്നു ഗംഗുബായ്. അധോലോകവുമായുള്ള ബന്ധങ്ങള്‍ വഴി ചുവന്ന തെരുവില്‍ അവര്‍ ആധിപത്യം പുലര്‍ത്തി. ആ കാലത്ത് അധോലോകം വാണിരുന്ന ഹാജി മസ്താനും, വരദരാജനും കുപ്രസിദ്ധ ഗുണ്ടാ സംഘാംഗമായ കരിം ലാലയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. കരിം ലാലയെ കണ്ടുമുട്ടിയത് മുതല്‍ ഗംഗുബായിയുടെ ജീവിതം മറ്റൊരു ദിശയിലായി.
ഗംഗുബായിയുടെ ജനനം ഗുജറാത്തിലെ കത്തിയവാഡയില്‍ ഒരു സമ്ബന്ന കുടുംബത്തിലായിരുന്നു. ഹര്‍ജിവനദാസ് കത്തിയവാഡി എന്നായിരുന്നു യഥാര്‍ത്ഥ പേര്. നടിയാകണം എന്നായിരുന്നു അവരുടെ ആഗ്രഹം. വക്കീലായിരുന്ന അച്ഛന്റെ ഗുമസ്ഥനുമായി പതിനാറാം വയസില്‍ അവര്‍ പ്രണയത്തിലായി. വിവാഹത്തോടെ അവര്‍ മുംബൈയിലേക്ക് മാറി. എന്നാല്‍ ചതിയനും, വഞ്ചകനും ആയ അയാള്‍ വെറും അഞ്ഞൂറ് രൂപയ്ക്ക് അവളെ കാമാത്തിപുരയില്‍ കൊണ്ടുപോയി വിറ്റു. അവിടെ വെച്ചാണ് ഗംഗുബായിയിലേക്ക് ഉള്ള അവരുടെ പരിണാമം.
ഒരു ഗുണ്ടാ നേതാവില്‍ നിന്നും ക്രൂര ബലാല്‍സംഘത്തിന് ഇരയായ ഗംഗുബായി ദിവസങ്ങളോളം വെള്ളം പോലും ഇറക്കാനാവാതെ കിടപ്പിലായി. മാഫിയ ഡോണ്‍ കരിം ലാലയുടെ സംഘത്തിലെ ആള്‍ ആയിരുന്നു അയാള്‍. ഗംഗുബായി കരിം ലാലയെ കാണാന്‍ തീരുമാനിച്ചു. കരിം ലാലയെ കണ്ട് നീതി തേടുന്നതിനൊപ്പം അയാള്‍ക്ക് ഒരു രാഖി കെട്ടിക്കൊടുത്ത് സ്വന്തം സഹോദരന്റെ സ്ഥാനത്ത് അവരോധിച്ചു. ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ അവര്‍ പിന്നീട് മുംബൈയിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ആളായി മാറി. തന്റെ സഹോദരിയെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും തിരിയാന്‍ സന്നദ്ധനായിരുന്നു കരിം. അറുപതുകളില്‍ മുംബൈയില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിവുള്ള വ്യക്തിയായി മാറിയ ഗംഗുബായി ഹേരാ മണ്ഡി റെഡ് ലൈറ്റ് ജില്ലയില്‍ സ്വന്തമായി ഒരു സെക്സ് റാക്കറ്റ് നടത്തിയിരുന്നു.
അധോലോകവുമായുള്ള ബന്ധത്തിലൂടെ ചുവന്ന തെരുവിന്റെ അധികാരം ഗംഗുബായി പിടിച്ചെടുത്തു. റെഡ് ലൈറ്റ് സ്ട്രീറ്റില്‍ നിരവധി വേശ്യാലയങ്ങള്‍ നടത്തിയ അവര്‍ പിന്നീട് ‘കാമാത്തിപുരയുടെ മാഡം’ എന്ന് അറിയപ്പെട്ടു. അക്കാലത്ത് കറുത്ത ബെന്റ്ലി കാര്‍ സ്വന്തമാക്കിയ ഏക വേശ്യാലയ ഉടമയായിരുന്നു അവര്‍. ചുവന്ന തെരുവിന്റെ മേലുള്ള നിയന്ത്രണം ‘കാമാത്തിപുരയുടെ പ്രസിഡന്റ്’ എന്ന നിലയിലേക്ക് അവരെ എത്തിച്ചു. സ്ത്രീ ശാക്തീകരണത്തിനായി പ്രസംഗിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഗംഗുബായി, സമൂഹത്തില്‍ സ്വന്തം തരത്തിലുള്ളവര്‍ക്ക് വേണ്ടി വാദിച്ചു. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെട്ട സ്ത്രീകളുടെ അവകാശങ്ങളുടെ വ്യക്താവായി ഗംഗുബായി മാറി.
കാമാത്തിപുര പ്രദേശത്ത് ആകെയുള്ള പ്രതിമയും ഗംഗുബായിയുടേതാണ്. ഒരവസരത്തില്‍ പ്രധാനമന്ത്രി നെഹ്രുവുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റെഡ് ലൈറ്റ് പ്രദേശങ്ങള്‍ സംരക്ഷിക്കാനുള്ള ഗംഗുബായിയുടെ നിര്‍ദ്ദശത്തിന് അദ്ദേഹം അംഗീകാരം നല്‍കുകയും ചെയ്തു. ഗംഗുബായിയുടെ റിയല്‍ ലൈഫ് ഇങ്ങനെയൊക്കെ ആണെങ്കിലും റീലിലേക്ക് എത്തുമ്ബോള്‍ എന്താകും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Related Articles

Back to top button