IndiaInternationalLatest

പുതിയ കോവിഡ് അതിമാരകം – ആരോഗ്യവിദഗ്ദ്ധര്‍

“Manju”

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ കോവിഡ് വകഭേദം അതിമാരകമെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് 19 യുകെ വൈറസിന്റെ ഏറ്റവും പുതിയ വകഭേദത്തെയാണ് കെന്റില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ 21 പേരില്‍ ഈ വൈറസ് വകഭേദം കണ്ടെത്തി. നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ക്ക് പുതിയ വകഭേദം കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് 23 കോവിഡ് 19 ജെനോമിക്സ് യുകെ കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടര്‍ ഷാരോണ്‍ പീകോക്ക് പറഞ്ഞു.
ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങളും പടരുന്നത് വാക്സിനേഷന് വെല്ലുവിളിയായിട്ടുണ്ട്. അതേസമയം കോവിഡ് 19നെതിരേ ഓക്സ്ഫഡ്- അസ്ട്ര സെനേക വാക്സിന്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
രോഗബാധ തീവ്രമല്ലാത്തവരില്‍ ഫലപ്രദമാകുന്നില്ലെന്ന് ആരോപിച്ച്‌ ദക്ഷിണാഫ്രിക്ക ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തിവച്ചിരുന്നു. ഓക്സ്ഫഡ് വാക്സിന്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നവയില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഡബ്ല്യുഎച്ച്‌ഒ സമിതി പറയുന്നു.
ഇന്ത്യയില്‍ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പിന് ഉപയോഗിക്കുന്നതും കോവിഷീല്‍ഡ് എന്ന പേരില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ഓക്സ്ഫഡ് വാക്സിനാണ്. അറുപത്തഞ്ചു വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും ഈ വാക്സിന്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും മറ്റു വാക്സിനുകളെ അപേക്ഷിച്ച്‌ പാര്‍ശ്വഫലങ്ങള്‍ തീര്‍ത്തും കുറവാണെന്നും ഡബ്ല്യുഎച്ച്‌ ഒ വിശദീകരിച്ചു.
കോവിഡിന്റെ ശക്തിയേറിയ വകഭേദങ്ങളിലൊന്നു കണ്ടെത്തിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഈ ജനിതക മാറ്റത്തിനെതിരെ ഓക്സ്ഫഡ് വാക്സിന്‍ ഫലം ചെയ്യുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നു വാങ്ങിയ 10 ലക്ഷം ഡോസുകള്‍ക്ക് പകരമായി ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനികളുടെ വാക്സിന്‍ പരീക്ഷിക്കാന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരുന്നു.

Related Articles

Back to top button