KeralaKollamLatest

വിദ്യാര്‍ഥിനികളുടെ പേരില്‍ അശ്ലീല ചാറ്റിങ്; അധ്യാപികയ്ക്കെതിരെ കേസ്

“Manju”

കൊല്ലം; വിദ്യാര്‍ഥിനികളുടെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൌണ്ട് നിര്‍മ്മിച്ച്‌ അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയ്ക്കെതിരെ കേസ്. ശിശുക്ഷേമ സമിതിക്കും പൊലീസിനും രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷന്‍ അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്തിരുന്നത്. വിദ്യാര്‍ഥിനികളുടെ ഫോണ്‍ കൈവശപ്പെടുത്തി, അവരറിയാതെ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൌണ്ട് സൃഷ്ടിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. പിന്നീട് ഈ അക്കൌണ്ടില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും. അതിനുശേഷം ഈ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് കാണിച്ചു വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുകയാണ് അധ്യാപിക ചെയ്തിരുന്നത്. അശ്ലീല ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് കാണിച്ച്‌ ചില വിദ്യാര്‍ഥിനികളില്‍നിന്ന് ഇവര്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം വിദ്യാര്‍ഥിനികള്‍ വീട്ടില്‍ പറയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ സംഘടിച്ച്‌ അധ്യാപികയ്ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൌണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാര്‍ഥിനികളില്‍ നിന്ന് മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തത്. കൂടുതല്‍ വിദ്യാര്‍ഥിനികള്‍ വരും ദിവസങ്ങളില്‍ പരാതി നല്‍കിയേക്കുമെന്നാണ് വിവരം.

Related Articles

Back to top button