Uncategorized

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നരേന്ദ്ര മോദി

“Manju”

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ -പസഫിക് മേഖലയിലെ അഭിവൃദ്ധി, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. മേഖലയിൽ കൂടുതൽ സ്വതന്ത്രവും ക്രിയാത്മകവുമായ സഹകരണം ഉറപ്പു വരുത്താൻ ലക്ഷ്യമിടുന്ന ക്വാഡ് മന്ത്രിതല സമിതിയുടെ യോഗത്തിന് മുന്നോടിയായിട്ടാണ് ചർച്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ യുഎസ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്നാണ് ക്വാഡ് മന്ത്രിതല സമിതി യോഗം നടത്തുന്നത്.

2020 ഒക്ടോബർ 6 ന് ടോക്കിയോയിൽ വെച്ചാണ് അവസാനമായി ക്വാഡ് മന്ത്രിതല സമിതി യോഗം നടന്നത്. അന്ന് ചർച്ച ചെയ്ത വിഷയങ്ങളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനും കാഴച്ചപ്പാടുകൾ പങ്കുവെയ്ക്കുവാനുമുള്ള അവസരമാണ് ക്വാഡ് സമിതി യോഗത്തിലൂടെ വീണ്ടും ലഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ മഹാസമുദ്രവും, തെക്കൻ ചൈനാ സമുദ്രം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ, മധ്യ പസഫിക് സമുദ്രവും ഉൾപ്പെടുന്ന മേഖലയാണ് ഇന്തോ പസഫിക് മേഖല. തന്ത്രപ്രധാന മേഖലയായ ഇവിടെ ചൈനീസ് കടന്നുകയറ്റം ശക്തമായ സാഹചര്യത്തിലാണ് ഇതിനെതിരെ നിലപാട് സ്വീകരിക്കാനും മേഖലയിൽ ഏകോപനം ശക്തമാക്കാനും ക്വാഡ് നേതാക്കൾ തീരുമാനിച്ചത്.

Related Articles

Back to top button