India

എസ് ജയശങ്കർ ശനിയാഴ്ച്ച മാലദ്വീപ് സന്ദർശിക്കും

“Manju”

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശനിയാഴ്ച്ച മാലദ്വീപ് സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം സോളിയുടെ പ്രത്യേക ക്ഷണ പ്രകാരം ദ്വിദിന സന്ദർശനത്തിനാണ് ജയശങ്കർ മാലദ്വീപിൽ എത്തുന്നത്.

അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മുന്നേറ്റം, വിദേശകാര്യം, പ്രതിരോധം സഹകരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ജയശങ്കർ മാലദ്വീപ് ഭരണാധികാരികളുമായി ചർച്ച നടത്തും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ സഹകരണത്തെ കുറിച്ചും അദ്ദേഹം സംസാരിക്കും.

മാലദ്വീപ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് നഷീദുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇരുരാജ്യങ്ങളും സഹകരിച്ച് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയെ കുറിച്ചും ഭാവിയിൽ നടത്താനുള്ള പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം അവലോകനം ചെയ്യും.

ഇന്ത്യയിൽ നിന്നും ആദ്യം കൊറോണ പ്രതിരോധ വാക്‌സിൻ നൽകിയ രാജ്യം മാലദ്വീപാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന്റെ 100,000 ഡോസുകളാണ് മാലദ്വീപിന് ഇന്ത്യ സൗജന്യമായി നൽകിയത്. കഴിഞ്ഞ നവംബറിൽ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്‌ള മാലദ്വീപ് സന്ദർശിച്ചിരുന്നു.

Related Articles

Back to top button