KeralaLatestPalakkad

പത്തുവര്‍ഷമായി ഒരേ ബസില്‍ ഡ്രൈവര്‍; അവസാനദിനം സ്ഥിരംയാത്രക്കാരുടെ വക യാത്രയയപ്പ്

“Manju”

പത്തുവർഷമായി ഒരേ ബസിൽ ഡ്രൈവർ; അവസാനദിനം സ്ഥിരംയാത്രക്കാരുടെ വക യാത്രയയപ്പ്,  good news, ksrtc
പാലക്കാട്: കെ.എസ്.ആർ.ടി.സി. പൊന്നാനി-കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ പൊന്നാനിയില്‍നിന്ന് ഓടിത്തുടങ്ങിയാല്‍ ഓരോ സ്റ്റോപ്പിലെത്തുമ്ബോഴും ഡ്രൈവർ ഉണ്ണിക്ക് ആശയക്കുഴപ്പമേതുമില്ല.

എവിടെനിന്ന്, ആരൊക്കെ സ്ഥിരമായി കയറുമെന്ന് ഉണ്ണിക്ക് കാണാപ്പാഠമാണ്. കാരണം, പത്തുവർഷത്തോളമായി ഉണ്ണി ഇതേബസില്‍ ഡ്രൈവറാണ്.

വിരമിക്കുംമുമ്ബ്, അവസാന ഡ്യൂട്ടിചെയ്ത ശനിയാഴ്ചയും പതിവിനു മാറ്റമുണ്ടായില്ല. ഒന്നൊഴിച്ച്‌, കോങ്ങാട് ബസ്സ്റ്റാൻഡിലെത്തിയപ്പോള്‍ സ്ഥിരംയാത്രക്കാരുടെ വക ഉണ്ണിക്കു ചെറിയൊരു ആദരം.

2003-ല്‍, പൊന്നാനി ഡിപ്പോയില്‍ സർവീസില്‍ കയറിയതാണ് ചേളാരി കുടല്‍ക്കുഴിമാട് ഹൗസില്‍ ഒ. ഉണ്ണി. മേയ് 31-നേ വിരമിക്കൂവെങ്കിലും ഇനി അവധിയില്‍ പോകാനാണു തീരുമാനം. ജോലിയില്‍ അവസാനപ്രവൃത്തിദിനമായിരുന്നു ശനിയാഴ്ച.

ആദ്യമായി ഈ റൂട്ടില്‍ ബസ് ഓടിച്ച ദിവസമോ വർഷമോ ഉണ്ണിക്ക് ഓർമയില്ല. ഇതിനിടെ, കോവിഡ് കാലത്തു മൂന്നുമാസം നെടുമങ്ങാട് ഡിപ്പോയില്‍ ജോലിചെയ്തു. അടുത്തിടെ, വെഹിക്കിള്‍ സൂപ്പർവൈസർ എന്ന തസ്തികയിലേക്കു സ്ഥാനക്കയറ്റം കിട്ടുമായിരുന്നു ഉണ്ണിക്ക്. എന്നാല്‍, വേണ്ടെന്ന് എഴുതിക്കൊടുത്താണു ഡ്രൈവറായി തുടർന്നത്. രാവിലെ ആറിനു പൊന്നാനിയില്‍നിന്ന് കോയമ്പത്തൂരിലേക്കു പോകുന്ന ബസ് രാത്രി 7.30-ഓടെയാണു തിരിച്ചെത്തുക. വിരമിച്ചശേഷം, പറ്റുമെങ്കില്‍ താത്കാലികക്കാരനായി കെ.എസ്.ആർ.ടി.സി.യില്‍ത്തന്നെ സേവനം ചെയ്യണമെന്നാണ് ഉണ്ണിയുടെ ആഗ്രഹം.

കോങ്ങാട് ബസ്സ്റ്റാൻഡില്‍ സുബ്രഹ്മണ്യൻ ചെർപ്പുളശ്ശേരി ഉണ്ണിയെ പൊന്നാടയണിയിച്ചു. ഉപഹാരവും നല്‍കി. ഭാസി, സുനില്‍, അരുണ്‍, രഞ്ജിത്ത്, പ്രസാദ്, രമേഷ് തുടങ്ങിയവർ നേതൃത്വംനല്‍കി.

Related Articles

Back to top button