KeralaLatest

വിദേശത്തുനിന്ന് വരുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന സൗജന്യം

“Manju”

തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കെല്ലാം സൗജന്യമായി കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമാനത്താവളങ്ങളില്‍ വച്ചുതന്നെ വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തും. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം അയച്ചുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം. കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ കേരളത്തില്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സ്വകാര്യ കമ്ബനിക്ക് സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കി. ഒരു പരിശോധനയ്‌ക്ക് 448 രൂപയായിരിക്കും ചാര്‍ജ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ഇത്രയും ചെറിയ ചാര്‍ജ്ജിന് ലഭ്യമാകുമ്പോള്‍ പരിശോധന നടത്താന്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം വെെകുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ചുരുങ്ങിയ ചാര്‍ജിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ സാധിച്ചാല്‍ കേരളത്തില്‍ നിന്നു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് അത് പ്രയോജനകരമാകും.

അതേസമയം, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ ഏഴുദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. കേരളതമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തും. യാത്രക്കാരെ നിരീക്ഷിക്കും. കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കണം.

ഡല്‍ഹി സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച്‌ 15 മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരികയെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. വിമാനം, ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലായി ഡല്‍ഹിയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button