KeralaKollamLatest

കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി

“Manju”

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് ആഗതമായ സാഹചര്യത്തില്‍ സിപിഎമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി. എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. കഴിഞ്ഞ തവണ കൊല്ലത്ത് നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ ഉള്‍പ്പെടെ അഞ്ച് സീറ്റില്‍ മത്സരിക്കാനാണ് തീരുമാനം. അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ ചവറയില്‍ മത്സരിപ്പിക്കും. പാര്‍ട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതില്‍ സിപിഎം തീരുമാനമെടുക്കും.

കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചവറ വിജയന്‍പിള്ളയാണ് മത്സരിച്ചത്. എന്നാല്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പൂര്‍ണമായും സിപിഎമ്മില്‍ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഎം മത്സരിക്കുന്നത്. അതേസമയം, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കില്‍ എസ്.എല്‍.സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലിനെ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം. എംഎല്‍എ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്. മൂന്നു ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാല്‍ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാര്‍ത്ഥിയാകും.

എന്നാല്‍ കുന്നത്തൂര്‍ സിപിഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആര്‍എസ്‌പി ലെനിനിസ്റ്റ് പാര്‍ട്ടി അംഗമായ കോവൂര്‍ കുഞ്ഞുമോനെ തന്നെ കുന്നത്തൂരില്‍ പിന്തുണയ്ക്കും. ആര്‍എസ്‌പി ലെനിനിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന.

Related Articles

Back to top button