Sports

ക്യാംപ്‌നൂവിൽ ഉയർത്തെഴുന്നേറ്റ് ബാഴ്‌സ;  സെവിയ്യയെ തകർത്ത്  ഫൈനലിൽ

“Manju”

ബാഴ്‌സലോണ: കോപ്പ ഡെൽറേ ഫൈനലിന് യോഗ്യത നേടി ബാഴ്‌സലോണ. ക്യാംപ്‌നൂവിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ സെവിയ്യയെ തകർത്താണ് ബാഴ്‌സ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ പാദത്തിൽ സെവിയ്യ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

3 ഗോൾ സ്‌കോർ ചെയ്ത് ഫൈനലിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്‌സ സ്വന്തം തട്ടകമായ ക്യാംപ്‌നൂവിൽ മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ബാഴ്‌സ അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. ബാഴ്‌സ താരങ്ങൾ ആകെ 22 ഷോട്ടുകളാണ് സെവിയ്യയുടെ പോസ്റ്റിനെ ലക്ഷ്യമാക്കി പായിച്ചത്. മത്സരത്തിന്റെ 68 ശതമാനവും പന്ത് ബാഴ്‌സയുടെ കൈവശമായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണയുടെ ആദ്യ ഗോൾ എത്തി. ഉസ്മാൻ ഡെംബലെയുടെ ലോംഗ് റേഞ്ചർ സെവിയ്യ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തി. പിന്നീട് ബാഴ്‌സ നിരന്തരമായി ഗോളിന് ശ്രമിച്ചെങ്കിലും സെവിയ്യ പ്രതിരോധ നിര മികച്ചുനിന്നു. രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആക്രമണം തുടർന്നു. നിശ്ചിത സമയത്തിന്റെ ഇഞ്ചുറി ടൈമിലാണ് സെവിയ്യ സമനില ഗോൾ വഴങ്ങിയത്.

ഗ്രീസ്മാൻ നൽകിയ അളന്നുമുറിച്ച ക്രോസ് ബോക്‌സിനുള്ളിൽ നിന്ന ജെറാർദ് പീകെ ഹെഡറിലൂടെ(90+4) വലയിലെത്തിച്ചു. നിമിഷങ്ങൾക്ക് ശേഷം ബാഴ്‌സയുടെ വിജയ ഗോൾ എത്തി. മാർട്ടിൻ ബ്രാത്‌വെയ്റ്റിലൂടെ(95) ബാഴ്‌സ സെവിയ്യയ്ക്ക് മറുപടി നൽകി. നിലവിലെ ഫോമിൽ ഒരു തിരിച്ചുവരവ് അസാധ്യമെന്ന് വിലയിരുത്തിയ വിമർശകരുടെ വായടപ്പിച്ച പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.

Related Articles

Back to top button