IdukkiKeralaLatest

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

“Manju”

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രണ്ടെണ്ണം അടച്ചു. നിലവില്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 141.50 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെയാണ് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ ഒരു ഷട്ടറും ഉച്ചയ്ക്ക് ശേഷം അഞ്ച് ഷട്ടറും രാത്രിയോടെ രണ്ടു ഷട്ടറുകളും കൂടിയാണ് ഇന്നലെ ഉയര്‍ത്തിയത്. അതില്‍ രണ്ടെണ്ണമാണ് ഇന്ന് രാവിലെ അടച്ചത്. 142 അടിയാണ് റൂള്‍ കര്‍വ് പ്രകാരം ഡാമില്‍ ഇപ്പോള്‍ അനുവദനീയമായ ജലനിരപ്പ്.
നേരത്തെ മൂന്നെണ്ണം 60 സെന്റിമീറ്ററും നാലു ഷട്ടര്‍ 30 സെന്റിമീറ്ററുമാണ് തുറന്നിരുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് രണ്ടടിയോളം ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം ഘട്ടംഘട്ടമായി രാവിലെ ഒമ്ബത് മണി മുതല്‍ പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ 21 സെന്റിമീറ്റര്‍ വീതവും ഇടുക്കി കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

Related Articles

Back to top button