International

സമാധാന ചര്‍ച്ചയുമായി ഇസ്ലാം പുരോഹിതര്‍: മാപ്പ് നല്‍കി ഹിന്ദു വിശ്വാസികള്‍

“Manju”

ലാഹോര്‍: പാകിസ്താനില്‍ കാരക് ജില്ലയില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കൃഷ്ണ ദ്വാര ക്ഷേത്രം അടിച്ച് തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്ത നൂറ് കണക്കിന് തീവ്ര ഇസ്ലാംമത വിശ്വാസികള്‍ക്ക് മാപ്പ് നല്‍കി മേഖലയിലെ ഹിന്ദു സമൂഹം. കഴിഞ്ഞ ഡിസംബര്‍ 20നായിരുന്നു സംഭവം. കൃഷ്ണ ദ്വാര ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവരാണ് ക്ഷേത്രം തീയിടുകയും ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അടിച്ച് തകര്‍ക്കുകയും ചെയ്തത്.

ഇതിന് പിന്നാലെ പ്രദേശത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അസ്വാരസ്യം പതിവായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ മുസ്ലീം പുരോഹിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നശിപ്പിച്ച ആളുകള്‍ക്ക് മാപ്പ് നല്‍കാന്‍ തീരുമാനിച്ചത്. പകരം ഹിന്ദു സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും മുസ്ലീം പുരോഹിതന്മാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ പാകിസ്താന്‍ സുപ്രീംകോടതിക്ക് കത്ത് നല്‍കാനും ഇരുപക്ഷവും സമ്മതിച്ചു. കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളേയും വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ് കത്ത്. ഇതുവരെ 50ഓളം പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു ഇതെന്ന് പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ അംഗം രമേശ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button