Kerala

പിഎസ്‌സിയെ അംഗീകരിക്കാൻ എന്താണ് വിഷമമെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങളുടെ പേരിൽ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവർ മറ്റ് പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയൻ അനധികൃത നിയമനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ചത്. എന്നാൽ പിഎസ്‌സിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല.

ചെറുപ്പക്കാർക്ക് ജോലി നൽകാൻ താത്പര്യം കാണിക്കുന്നില്ലെന്ന് വരുത്തിതീർക്കാൻ പിഎസ്‌സിയ്‌ക്കെതിരെ കടുത്ത ആക്രമണമാണ് രാഷ്ട്രീയ പാർട്ടികൾ അഴിച്ചുവിട്ടത്. എന്നാൽ നിയമന ഉത്തരവ് നൽകുന്നതിൽ റെക്കോർഡ് നേട്ടമാണ് പിഎസ്‌സി കൈവരിച്ചത്. ഇതുവരെ1,58,000 പേർക്ക് നിയമന ഉത്തരവ് നൽകാൻ പിഎസ്‌സിയ്ക്ക് കഴിഞ്ഞു. കേരളത്തിന്റെ സ്ഥിതി പരിഗണിച്ചാൽ ഇത് വലിയ നേട്ടമാണ്. എങ്കിലും പിഎസ്‌സിയെ അഭിനന്ദിക്കുന്നതിന് പകരം അപകീർത്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിയമനം നടത്തുന്നില്ലെന്ന് വരുത്തി തീർക്കാനാണ് പിഎസ്‌സിയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും, മറ്റ് നടപടികൾക്കുമായുള്ള സംവിധാനം ചീഫ് സെക്രട്ടറി തലത്തിൽ സൃഷ്ടിച്ചു. സർക്കാരിനെക്കുറിച്ച് വിമർശിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് മറ്റ് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ നാവുയരുന്നില്ലെന്നും പിണറായി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആയിരക്കണക്കിന് പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരം സർക്കാരിന് വലിയ തിരിച്ചടി ആയിരുന്നു. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത്. ഇതിന്റെ ചുവടുപിടിച്ച് യുവജന സംഘടനകളും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പിൻവാതിൽ നിയമനങ്ങൾ സജീവമാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിഷേധം.

Related Articles

Back to top button