IndiaKeralaLatest

ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസി വ്യാജ കമ്പനിയെന്ന് കേന്ദ്രം

“Manju”

ന്യൂഡൽഹി: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് അമേരിക്കൻ കമ്പനിയായ ഇഎംസിസിയെ കുറിച്ചുള്ള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിവരങ്ങൾ മൂന്ന് തവണ കൈമാറിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. കമ്പനിയെ കുറിച്ചുള്ള മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നുവെന്ന് നേരത്തെ കേന്ദ്രമന്ത്രി വി. മുരളീധരനും വ്യക്തമാക്കിയിരുന്നു.

കമ്പനിയുടെ വിശദാംശങ്ങൾ അറിയാൻ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്റെ കമ്പനിയെ കുറിച്ച് അറിയാൻ ന്യൂയോർക്കിലെ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങൾ കേരള സർക്കാരിന് മൂന്ന് തവണ കൈമാറി. 2019 ഒക്ടോബർ21, ഒക്ടോബർ25, നവംബർ ആറ് എന്നീ തീയതികളിലാണ് രേഖാമൂലം കേരളത്തിന് കൈമാറിയത്.

സ്ഥാപനത്തിന്റെ മേൽവിലാസവും വിശദാംശങ്ങളും വിശ്വാസ്യതയും കണ്ടെത്താൻ ശ്രമിച്ചെങ്കിലും കമ്പനിയിൽ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. താൽക്കാലികമായി വാടകയ്‌ക്കെടുക്കുന്ന സ്ഥലമാണെന്നും വെർച്വൽ മേൽവിലാസം മാത്രമാണ് നൽകിയിരുന്നതെന്നും കേരളത്തിന് നൽകിയ വിവരത്തിൽ വ്യക്തമാക്കിയിരുന്നു.

ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ വിശദീകരണം. എന്നാൽ പിന്നീട് ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയതോടെ മുഖ്യമന്ത്രിയുടെ വാക്കുകൾ കളവായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. കേരള തീരം വിദേശ കമ്പനികൾക്ക് സംസ്ഥാന സർക്കാർ തീറെഴുതിക്കൊടുക്കുന്നുവെന്നായിരുന്നു ഉയർന്ന വിമർശനം.

Related Articles

Back to top button