KeralaLatest

നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. മാര്‍ച്ച്‌ 22 വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനും അവസരമുണ്ട്. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്ബാടുമായി ഇന്ന് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചേക്കും.

ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ മിക്കവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ പത്രിക നല്‍കാനുള്ളവര്‍ ഇന്ന് സമര്‍പ്പിക്കും. ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്ബാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ടായിരുന്നു. ഓണ്‍ലൈനായി തയ്യാറാക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കണം. ഇത്തരത്തില്‍ ഓണ്‍ലൈനായി തയ്യാറാക്കിയെടുത്തവ മാത്രമല്ല, സാധാരണ രീതിയിലും നാമനിര്‍ദേശപത്രിക തയ്യാറാക്കി സമര്‍പ്പിക്കാവുന്നതാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10000 രൂപയാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമാണ് വരണാധികാരികളുടെ മുറിയില്‍ പ്രവേശനം. കൂടാതെ ഭരണാധികാരികളുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

Related Articles

Back to top button