KeralaKollamLatest

വിസ്മയയുടെ മരണം; ശരീരത്തില്‍ വിഷാംശമുണ്ടോയെന്ന് സംശയം

“Manju”

കൊല്ലം: ശാസ്താംകോട്ട നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞദിവസം അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. കസ്റ്റഡിയില്‍ വാങ്ങി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകള്‍ മൃതദേഹത്തിലില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴി. എന്നാല്‍ വിസ്മയയുടെ ശരീരത്തില്‍ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്കയച്ചിട്ടുണ്ട്.

അതേസമയം, കിരണിനെ അറസ്റ്റുചെയ്തശേഷം കൂടുതല്‍ തെളിവെടുപ്പിനും ചോദ്യംചെയ്യലിനും സമയം ലഭിച്ചില്ല. ഇയാളെ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ശാസ്താംനടയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. അന്ന് 20 മിനിറ്റുമാത്രമാണ് ചോദ്യം ചെയ്യലിനായി ലഭിച്ചത്. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്താനാണ് പോലീസ് നീക്കം.

ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്. കിട്ടാവുന്ന എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിസ്മയയുടെ സുഹൃത്തുക്കള്‍, സഹപാഠികള്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തു. സഹോദരി, ഭര്‍ത്താവ് അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരെ ചോദ്യം ചെയ്തു. കിരണിനെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇവരെ വീണ്ടും ചോദ്യംചെയ്യും.

ഇതിനിടയില്‍ ശനിയാഴ്ച വിസ്മയയുടെ ബന്ധുക്കളില്‍നിന്ന് പോലീസ് മൊഴിയെടുത്തതായാണ് വിവരം. കഴിഞ്ഞദിവസം ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്നാണ് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം ലഭിച്ചശേഷം പോലീസ് സര്‍ജന്‍ കിരണിന്റെ വീട്ടിലെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിന്റെ ഭാര്യയായ വിസ്മയയെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചേയാണ് വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തില്‍ കെട്ടിത്തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണസംഘത്തിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തി. രണ്ടുദിവസമായി അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. അതിനാല്‍ ശനിയാഴ്ച ഉദ്യോഗസ്ഥരെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയരായി. എല്ലാവര്‍ക്കും നെഗറ്റീവാണ്.

Related Articles

Back to top button