IndiaLatest

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

“Manju”

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റിലും ടി20യിലും പരമ്പര നേട്ടത്തോടെയാണ് ടീം ഇന്ത്യ സ്വന്തം നാട്ടില്‍ മുന്നേറുന്നത്. രണ്ടാം ഏകദിനം 26-ാം തീയതിയും മൂന്നാമത്തേത് 28നും നടക്കും.

അരങ്ങേറ്റം കുറിച്ചവരെല്ലാം മികച്ച ഫോമിലേക്കുയരുന്ന യുവനിരയാണ് ഇന്ത്യയുടെ ശക്തി. ടെസ്റ്റ് മത്സരത്തിലും ടി20യിലും നിര്‍ണ്ണായക ഘട്ടത്തില്‍ രക്ഷകരായി യുവനിരമാറുന്നതാണ് എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്‍കുന്നത്. ഓപ്പണര്‍മാരായ രോഹിതും ശിഖര്‍ ധാവനുമാണ് സാദ്ധ്യതാ പട്ടികയിലുള്ളത്. കോഹ്ലി, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ മദ്ധ്യനിരയില്‍ ഇറങ്ങും. ആറാമതായി രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ ഇവരില്‍ ആരാകും പരീക്ഷിക്കപ്പെടുക എന്നത് അറിവായിട്ടില്ല. ഏഴാം സ്ഥാനത്ത് ഹാര്‍ദ്ദിക്കും കളിക്കും. ഭുവനേശ്വര്‍കുമാര്‍ നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയില്‍ ടി.നടരാജനാണ് മറ്റൊരു കരുത്താകുന്നത്. ഇവര്‍ക്കൊപ്പം മികച്ച ഫോമിലുള്ള ഷാര്‍ദ്ദൂല്‍ ഠാക്കുറും ഇറങ്ങും. യൂസ്വേന്ദ്ര ചഹലോ കുല്‍ദീപ് യാദവോ സ്പിന്നര്‍മാരുടെ റോള്‍ കൈകാര്യം ചെയ്യും.

ഇംഗ്ലണ്ട് അവരുടെ ലോകകപ്പ് ഹീറോകളായ മൂന്ന് പ്രധാനപ്പെട്ട താരങ്ങളില്ലാതെയാണ് കളിക്കാനിറങ്ങുന്നത്. നായകന്‍ ജോ റൂട്ടിനും ക്രിസ് വോക്‌സിനും വിശ്രമം നല്‍കിയപ്പോള്‍ ബൗളറായ ജോഫ്രാ ആര്‍ച്ചറിന് പരിക്കുമൂലം കളിക്കാനാകില്ല. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ടി20യിലും കളിക്കാതിരുന്ന മോയീന്‍ അലി, സാം ബില്ലിംഗ്, ലിയാം ലിവിംഗ് സ്‌റ്റോണ്‍, റീസ് ടോപ്ലേ എന്നിവര്‍ ഏകദിനത്തില്‍ കളിക്കും. ജാസണ്‍ റോയിയും ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ കരുത്തന്മാര്‍. മദ്ധ്യനിരയില്‍ ബെന്‍ സ്‌റ്റോക്‌സും ഇന്ത്യക്ക് വെല്ലുവിളിയാണ്. 2023ലെ ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യയെ ഈ സീസണിലെ 50 ഓവര്‍ മത്സരത്തില്‍ ആദ്യമായി നേരിടുന്നു എന്നതും പ്രത്യേകതയാണ്.

Related Articles

Back to top button