IndiaLatest

രാജ്യത്ത് ആദ്യമായി അലുമിനിയം ചരക്ക് വാഗണുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ അലുമിനിയം ചരക്കു വാഗണുകള്‍ ഭുവനേശ്വറില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഹിന്‍ഡാല്‍കൊ നിര്‍മ്മിച്ച പുതുനിര വാഗണുകള്‍. റെയില്‍വെ ഉപയോഗിക്കുന്ന ഉരുക്കു വാഗണുകളേക്കാള്‍ 180 ടണ്‍ ഭാരക്കുറവുള്ള അലുമിനിയം വാഗണുകളുടെ ചരക്കു വാഹകശേഷി നിലവിലുള്ളതിനേക്കാള്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കൂടുതലാണ്. ഇവയുടെ തേയ്മാന നിരക്കും കുറവാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിതെന്നും സ്വദേശി നിര്‍മ്മിതിയില്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നതെന്നും 61 ചരക്കു വാഗണുകള്‍ ഭുവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 2026ലെ റെയില്‍വേയുടെ ചരക്കു ലക്ഷ്യം 2,528 മില്യണ്‍ ടണ്ണാണ്. ഇതിനായി 70,000 വാഗണുകള്‍ കൂടി ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒഡിഷയിലെ ലപാങ്കയിലുള്ള ഹിന്‍ഡാല്‍കൊയുടെ ആദിത്യ അലുമിനിയം സംസ്‌കരണ കേന്ദ്രത്തിലേക്കുള്ള കല്‍ക്കരിയാണ് ഈ വാഗണുകളില്‍ കൊണ്ടു പോകുന്നത്. അടിവശം തുറക്കാന്‍ കഴിയുന്ന ഈ വാഗണുകള്‍ കല്‍ക്കരി കൊണ്ടുപോകാന്‍ പ്രത്യേകമായി രൂപകല്പന ചെയ്തതാണ്. ഒരു വാഗണ്‍ നിരയ്ക്കു മാത്രം 14,500 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയും.
വരുംവര്‍ഷങ്ങളില്‍ ഒരു ലക്ഷം വാഗണുകളാണ് പുറത്തിറക്കാനുദ്ദേശിക്കുന്നത്. സ്വദേശി നിര്‍മ്മാണത്തിന് കര്‍മ്മശേഷിയും സ്ഥിരതയുമുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവിന് അടിവരയിടുന്നതാണ് അലുമിനിയം വാഗണ്‍ നിരയെന്ന് ഹിന്‍ഡാല്‍കൊ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ പറഞ്ഞു.

ബെസ്‌കൊ കമ്പനി നിര്‍മ്മിച്ച വാഗണുകള്‍ക്ക് ഒഡിഷയിലെ ഹിറാക്കുഡിലുള്ള അത്യന്താധുനിക ഹിന്‍ഡാല്‍കൊ നിര്‍മ്മിതി കേന്ദ്രത്തില്‍ നിന്നുള്ള ശേഷികൂടിയ അലുമിനിയം ലോഹക്കൂട്ടുപയോഗിച്ചു നിര്‍മ്മിച്ച അലുമിനിയം പ്ലേറ്റുകളാണുപയോഗിച്ചിട്ടുള്ളത്. ഇതിന് 19 ശതമാനം അധിക ഭാരം വഹിക്കാനുള്ള കഴിവുണ്ട്. അതിവേഗ യാത്രാവണ്ടികള്‍ക്കായി അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനും ഹിന്‍ഡാല്‍കൊ പദ്ധതിയിടുന്നു. യു.എസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ തീവണ്ടി സര്‍വീസുകള്‍ക്കും മെട്രോ ട്രെയിനുകള്‍ക്ക് ലോകമെങ്ങും ഉപയോഗിക്കുന്നത് അലുമിനിയം കോച്ചുകളാണ്. അലുമിനിയം കോച്ചുകളുമായി വന്ദേഭാരത് വണ്ടികള്‍ ഓടിക്കാനുള്ള തീരുമാനം റെയില്‍വേ പ്രഖ്യാപിച്ചു കഴിഞ്ഞു.

Related Articles

Back to top button