IndiaKeralaLatest

നിര്‍മ്മാണ-തൊഴില്‍ മേഖലകളില്‍ വന്‍ പ്രതിസന്ധി

“Manju”

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. ഇതേ തുടര്‍ന്ന് അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തില്‍ നിന്നും മടങ്ങുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി എത്തുന്നത് ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതോടെ കേരളത്തിലെ നിര്‍മ്മാണ് മേഖല അടക്കം സ്‌തം‌ഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ വ്യവസായങ്ങള്‍ തൊഴിലാളികളുടെ മടങ്ങിപോക്കില്‍ സ്‌തംഭിച്ചിരിക്കുകയാണ്. നിര്‍മ്മാണ മേഖല, ചെറുകിട വ്യാപാരികള്‍, പൈനാപ്പിള്‍, റബ്ബര്‍, നെല്‍കൃഷി എന്നിവയിലും രൂക്ഷമായ തൊഴില്‍ ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയിലും ആള്‍ക്ഷാമമുണ്ടാകും. ഇതില്‍ പൈനാപ്പിള്‍ കൃഷിക്കാണ് ഏറ്റവും വലിയ തിരിച്ചടി. ഇരുപതിനായിരം അതിഥി തൊഴിലാളികളാണ് ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രം പൈനാപ്പിള്‍ കൃഷി രംഗത്ത് ജോലി ചെയ്യുന്നത്.

മൂവാറ്റുപുഴയില്‍ നിന്ന് അഞ്ഞൂറോളം പേരാണ് ഇന്നലെ മാത്രം സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. മൂവാറ്റുപുഴ മുതല്‍ പിറവം വരെയുളള പ്രദേശങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂവായിരത്തോളം പേര്‍ പോയിട്ടുണ്ട്.

ബംഗാളില്‍ ഭരണം പിടിക്കാന്‍ ബി ജെ പിയും ഭരണം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ മത്സരമാണ് നടത്തുന്നത്. അസമിലും സമാനസ്ഥിതിയാണ്.

Related Articles

Back to top button