KeralaLatest

ഒരുവട്ടം കൂടി മമ്മൂട്ടി

“Manju”

അരൂർ : ശാന്തിഗിരിയുടെ മണ്ണിൽ ഒരുവട്ടം കൂടി മമ്മൂട്ടി എന്ന പ്രതിഭ എത്തുന്നു. ഇത്തവണ എത്തുന്നത് തന്റെ സ്വന്തം നാടായ ചന്ദിരൂരിലാണ്. ലോകത്തിന്റെ തീർത്ഥാടന കേന്ദ്രമാകാൻ പോകുന്ന വിസ്മയ സൗധത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് അദ്ദേഹം എത്തുന്നത്. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരുവിന്റെ ജന്മഭൂമിയിൽ നിർമ്മിക്കുന്ന ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ആഗസ്ത് 28 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മമ്മൂട്ടി നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക ആത്മീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കും. പന്തലിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

മമ്മൂട്ടിയുടെ നാട് കൂടിയായ ചന്ദിരൂരിൽ താരത്തെ വരവേൽക്കാൻ വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പോലീസും നടപടികൾ ആരംഭിച്ചു. 2010 സെപ്തംബറിൽ ശാന്തിഗിരിയിലെ താമരപ്പർണ്ണശാല മിഴി തുറന്നപ്പോഴും 2016 സെപ്തംബറിൽ നവതി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴും വൻജനവലിയാണ് മമ്മൂട്ടിയെ സ്വീകരിച്ചത്. ഗുരുവിന്റെ ജന്മനാടായ ചന്ദിരൂരാണ് മമ്മൂട്ടിയുടെ ഉമ്മയുടെ വീട്. അതുകൊണ്ടു തന്നെ ഗുരുവുമായുള്ള ആത്മബന്ധത്തെ അദ്ധേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് നവതി പുരസ്കാരവേളയിൽ പറയുകയുണ്ടായി. മുൻപ് രണ്ട് തവണയും ഗുരുവിന്റെ കർമ്മഭൂമിയായ പോത്തൻകോടാണ് അദ്ധേഹം എത്തിയതെങ്കിൽ ഇത്തവണ വരുന്നത് ഗുരുവിന്റെ ജന്മഭൂമിയിലേക്കാണ്. മമ്മൂട്ടിയുടെ ആശ്രമ സന്ദർശനങ്ങളെല്ലാം ഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തവണ ഗുരുവിന്റെ നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായാണ് ചന്ദിരൂരിൽ ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടക്കുന്നത്. ആലപ്പുഴ എറണാകുളം ദേശീയപാതയിൽ ഒരു കിലോമീറ്റർ കിഴക്ക് മാറിയാണ് ജന്മഗൃഹം. കൈതപ്പുഴ കായലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഏഴ് ഏക്കർ സ്ഥലത്താണ് ജന്മഗൃഹസമുച്ചയം നിർമ്മിക്കുന്നത്. വ്യത്യസ്ത വാസ്തുശില്പ ശൈലികളെ സമന്വയിപ്പിച്ചുകൊണ്ടൂം ടൂറിസം സാധ്യതകൾ കണക്കിലെടുത്തും മൂന്നോ നാലോ ഘട്ടങ്ങളായി നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്.

Related Articles

Back to top button