IndiaLatestUncategorized

കാര്‍ഷിക നിയമം; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

“Manju”

ന്യൂഡല്‍ഹി: കേന്ദ്രം ഏര്‍പ്പെടുത്തിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച്‌ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സമിതി അംഗങ്ങളിലൊരാള്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്. അതെ സമയം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. വിവാദ നിയമങ്ങളെ കുറിച്ച്‌ പഠിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് മൂന്നംഗസമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനുവരിയില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കര്‍ഷകരും കേന്ദ്ര സര്‍ക്കാറും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. കര്‍ഷകര്‍ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലായിരുന്നു കോടതി ഇടപെടല്‍.

കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്​സ്​ ആന്‍ഡ്​ പ്രൈസസ്​ മുന്‍ ചെയര്‍മാന്‍ അശോക്​ ഗുലാത്തി, അഗ്രികള്‍ച്ചര്‍ ഫുഡ്​ പോളിസി റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഡയറക്​ടര്‍ പ്രമോദ്​ കുമാര്‍ ജോഷി, മഹാരാഷ്​ട്രയിലെ ഷേത്​കാരി സംഗതാന്‍ സംഘടന അധ്യക്ഷന്‍ അനില്‍ ഖന്‍വാത്​ എന്നിവരാണ് വിദഗ്ദ്ധ ​ സമിതിയിലെ അംഗങ്ങള്‍.

അതെ സമയം കേന്ദ്രത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരുമാണ് സമിതി അംഗങ്ങളെന്ന് തുടക്കം മുതല്‍ക്കേ ആക്ഷേപം ഉയര്‍ന്നിരുന്നു. സമിതിയെ അംഗീകരിക്കില്ലെന്ന് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളും വ്യക്തമാക്കിയിരുന്നു.

2020 നവംബര്‍ 26ന് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം നാല് മാസം പിന്നിട്ടിരിക്കുകയാണ്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരമുഖത്ത് നിന്ന് പിന്മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

 

Related Articles

Back to top button