IndiaKeralaLatest

തമിഴ്‌നാട്ടില്‍ താമര വിടര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ നൃത്തവീഡിയോ പ്രചരണം

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ താമര വിടര്‍ത്താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ഉപയോഗിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ നൃത്തദൃശ്യങ്ങള്‍. കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മരുമകളും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയും ഭരതനാട്യ കലാകാരിയും മെഡിക്കല്‍ പ്രാക്ടീഷ്യണറുമായ ശ്രീനിധി ചിദംബരത്തിന്റെ ഭരതനാട്യ ദൃശ്യങ്ങളാണ് ഉപയോഗിച്ചത്.

വീഡിയോയ്‌ക്കെതിരേയും ബിജെപിയുടെ പ്രചരണതന്ത്രത്തിനും എതിരേ ശ്രീനിധി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി രചിച്ച്‌ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ സെമ്മൊഴിഎന്ന പാട്ടിന് ശ്രീനിധി നല്‍കിയ നൃത്താവിഷ്‌ക്കാരത്തിന്റെ വീഡിയോയാണ് ബിജെപി പ്രചരണത്തിനായി എടുത്തത്. ‘താമര വിരിയുംഎന്ന തലവാചകത്തോടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെ ശ്രീനിധി പ്രതിഷേധവുമായി വരികയും ചെയ്തു.

അഞ്ചുമിനിറ്റ് നീണ്ട നൃത്തരംഗങ്ങളുടെ വീഡിയോയില്‍ രണ്ടു സെക്കന്റ് മാത്രമാണ് ശ്രീനിധിയുടെ നൃത്തരംഗം ഉള്ളത്. ‘തെമ്മാടിത്തരംഎന്ന് വിശേഷിപ്പിച്ച ശ്രീനിധി ബിജെപി അവരുടെ പ്രചരണത്തിന് തന്റെ ചിത്രം ഉപയോഗപ്പെടുത്തി എന്നായിരുന്നു ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ശ്രീനിധി പ്രതികരിച്ചത്. തമിഴ്‌നാട്ടില്‍ താമര വിരിയാനേ പോകുന്നില്ലെന്നും കുറിച്ചു.

പത്തുവര്‍ഷം മുമ്ബായിരുന്നു സെമ്മൊഴി എഴുതിയതും കംപോസ് ചെയ്തതും നൃത്തരൂപം നല്‍കിയതും. അതിന്റെ ഒരു ചെറിയ ഭാഗം എടുത്ത് ബിജെപി വീഡിയോയില്‍ ഉപയോഗിക്കുകയായിരുന്നു. ലോക ക്ലാസ്സിക്കല്‍ തമിഴ് സമ്മേളനത്തില്‍ നടത്തിയ നൃത്തരൂപം ആയിരുന്നു അതെന്നാണ് ചിദംബരത്തിന്റെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഇതില്‍ ഒരു മര്യാദ ലംഘനവും ഇല്ലെന്നാണ് ബിജെപിയുടെ വാദം.

വീഡിയോ ചെയ്തു തന്നയാള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നുമാണ് നൃത്തത്തിന്റെ രംഗം എടുത്തത്. അതുകൊണ്ടു തന്നെ അതില്‍ നിയമരാഹിത്യം തീരെയില്ലെന്ന് ബിജെപിയുടെ തമിഴ്‌നാട് ഐടി ഘടകം തലവന്‍ പറയുന്നു. എന്നാല്‍ ചിദംബരത്തിന്റെ അനുമതി കൂടാതെ ബിജെപിയ്ക്ക് ഫോട്ടോയോ വീഡിയോ ക്ലിപ്പിംഗോ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസും പറയുന്നു.

ഒരാളുടെ സമ്മതം വാങ്ങുക എന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള ആശയമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും ശ്രീനിധി ചിദംബരത്തിന്റെ അനുമതി കൂടാതെ അവരുടെ ചിത്രങ്ങളോ വീഡിയോയോ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഇതിലൂടെ തന്നെ നിങ്ങളുടെ പ്രചരണം മുഴുവന്‍ കള്ളവും കപടതയും നിറഞ്ഞതാണെന്ന് തെളിയുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള മുഖ്യപോരാട്ടം നടക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഇല്ല. അതുകൊണ്ടു തന്നെ തങ്ങളുടേതായ ഒരു ഇടം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇത്തവണ കരുണാനിധിയും ജയലളിതയും ഇല്ലാത്ത അവസരം ഉപയോഗിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി നടത്തുന്നത്. എഐഎഡിഎംകെയുമായി സഖ്യം ഉണ്ടാക്കിയിരിക്കുന്നത് അതിന് വേണ്ടിയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം മത്സരിച്ചപ്പോള്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 39 സീറ്റില്‍ 38 ലും തോറ്റു.

Related Articles

Back to top button