IndiaLatest

മരിച്ച സഹോദരന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സര്‍ക്കാര്‍ ജോലി; പിടിയിലായത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം

“Manju”

ജമ്മു: മരിച്ചു പോയ സഹോദരന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ സര്‍ക്കാര്‍ ജോലി സമ്പാദിച്ചയാള്‍ പിടിയില്‍. പക്ഷേ, ഒരല്‍പ്പം വൈകിപ്പോയി. മുപ്പത് വര്‍ഷത്തോളം സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ചതിന് ശേഷമാണ് ശക്തി ബന്ധു എന്ന കാകാ ജി എന്നയാള്‍ പിടിയിലാകുന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയിലെ അച്ചന്‍ സ്വദേശിയായ ശക്തി ബന്ധു ഒമ്ബതാം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. നിലവില്‍ ജമ്മുവിലെ പോനി ചാക്കിലാണ് ഇയാള്‍ താമസിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ശക്തി ബന്ധുവിനെതിരെ കേസെടുത്തത്. ഇയാള്‍ മരിച്ച സഹോദരന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയാണ് സര്‍ക്കാര്‍ ജോലി സമ്ബാദിച്ചത് എന്നായിരുന്നു പരാതി. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റ് ഡ‍ിപ്പാര്‍ട്മെന്റ് (IMPA) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഐഎംപിഎയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അശോക് കുമാര്‍ എന്ന പേരില്‍ ജോലി ചെയ്യുകയായിരുന്നു ശക്തി ബന്ധു. ഇയാള്‍ ഒമ്പതാം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്നും ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായിരിക്കേയാണ് ശക്തി ബന്ധുവിന്റെ സഹോദരന്‍ അശോക് കുമാര്‍ 1977 ല്‍ മരണപ്പെടുന്നത്. തെക്കന്‍ കശ്മീരിലെ അനന്ദ്നാഗിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു അശോക് കുമാര്‍. സഹോദരന്‍ മരണപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ രേഖകള്‍ കാണിച്ചാണ് ശക്തി ബന്ധു സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയത്. താനാണ് അശോക് കുമാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്. ശക്തിബന്ധുവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ അന്വേഷണത്തിനിടെ കണ്ടെത്തിയിരിക്കുന്നത്.

മറ്റൊരു സംഭവത്തില്‍, ഡല്‍ഹി എന്‍‌സി‌ആര്‍ മേഖലയിലെ കാറുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയ പൊലീസ് സംഘത്തിന് ലഭിച്ചത് വിചിത്രമായ വിവരങ്ങളാണ്. കാര്‍ മോഷ്ടാക്കളില്‍ ഒരാള്‍ തന്റെ ഭാര്യ ബുലന്ദശഹറിലെ ഒരു ബ്ലോക്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ പണത്തിനായാണ് മോഷണം നടത്തിയത്. മറ്റൊരാള്‍ വരാനിരിക്കുന്ന യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമത്തലവനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പൊലീസ് വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വലിയ തുക ആവശ്യമാണെന്ന് അറിഞ്ഞ ഇരുവരും ഡല്‍ഹി-എന്‍‌സി‌ആറില്‍ കാറുകള്‍ മോഷ്ടിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ചില കാറുകള്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 20 വര്‍ഷമായി മോഷണ സംഘത്തിലെ പലരും ദേശീയ തലസ്ഥാനത്ത് നിന്ന് കാറുകള്‍ മോഷ്ടിച്ചിരുന്നതായും നിരവധി തവണ അറസ്റ്റിലായതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയ തോതില്‍ കാറുകള്‍ മോഷ്ടിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമാണിത്. പൊലീസ് നടപടി ഒഴിവാക്കാന്‍ രാഷ്ട്രീയ സ്വാധീനം നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

Related Articles

Back to top button