IndiaKeralaLatest

വോട്ട് പെട്ടിയില്‍, ഇനി ഒറ്റമാസം കാത്തിരിപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ്. അവസാന കണക്കുകള്‍ പുറത്തുവരുമ്ബോള്‍ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച്‌ കുറവാണ്. 2016 ല്‍ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരില്‍ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയില്‍ 65.05 ശതമാനം പേര്‍ സമ്മതിദാനം വിനിയോഗിച്ചു. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 15 ശതമാനം പേര്‍‌ വോട്ട് ചെയ്തു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടത്ത് ചെറിയ സംഘര്‍ഷങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായി. കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആ ക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തകര്‍ത്തിരുന്നു.

നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായത്.

അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകി. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാര്‍ പരിഹരിച്ച്‌ പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായും പരാതി ഉയര്‍ന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്ബറ്റ പഞ്ചായത്തിലെ 54-ാം നമ്ബര്‍ ബൂത്തിലാണ് സംഭവം.

ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേര്‍ വോട്ട് കൈപ്പത്തിക്കു ചെയ്തതില്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്.

നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പക൪ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്‌തത്. എറണാകുളം പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്.

കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിംഗിനെ ബാധിച്ചു. പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.

കോട്ടയത്ത് വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ കാത്തു നിന്ന വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. നാഗമ്ബടം സ്വദേശി അന്നമ്മ ദേവസ്യയാണു മരിച്ചത്.

Related Articles

Back to top button