IndiaLatest

കിടക്കകള്‍ ഇല്ല ; വീല്‍ ചെയറിലിരുത്തി രോഗികള്‍ക്ക് ഓക്സിജന്‍

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപന കണക്കുകള്‍ ഭീതി ഉയര്‍ത്തുന്ന നിലയിലേക്ക് ഉയരുകയാണ്. ഞായറാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 63,294 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടപെട്ടത് . അതെ സമയം മരണസംഖ്യ 57,987- ലേക്കുയര്‍ന്നു .
34,008 പേര്‍ ആശുപത്രി വിട്ടപ്പോള്‍ രോഗമുക്തരുടെ എണ്ണം 27.82 ലക്ഷമായി. 5.65 ലക്ഷം പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മുംബൈയില്‍ 9989 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 58 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . നഗരത്തില്‍ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ശനിയാഴ്ച 50 പേരായിരുന്നു മരിച്ചത്. ഇതോടെ മരണസംഖ്യ 12,017 ലേക്കുയര്‍ന്നു.
അതെ സമയം രോഗബാധിതര്‍ കുത്തനെ ഉയര്‍ന്നതോടെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണ്. രോഗികള്‍ക്ക് അത്യാവശ്യമായ ഓക്‌സിജന്റെ ലഭ്യത തീരേ കുറഞ്ഞു. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ കോവിഡ് രോഗികള്‍ കിടക്കകള്‍ ലഭിക്കുന്നതിനായി പലയിടങ്ങളിലേക്കും പരക്കംപായുകയാണ്. ഇതേ തുടര്‍ന്ന് ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയത്. അതെ സമയം കിടക്കകള്‍ ഒഴിവുണ്ടെങ്കിലും രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞ രോഗികളെ വെന്റിലേറ്ററിന്റെ അഭാവo മൂലം ചില ആശുപത്രികള്‍ തിരിച്ചയക്കുകയാണ്.
കോവിഡ് പ്രതിസന്ധിയില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഏപ്രില്‍ 14-ന് ശേഷമേയുണ്ടാകുകയുള്ളൂ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് കര്‍മസേനയുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഈ തീരുമാനമെടുത്തത്.

Related Articles

Back to top button